News

ഇന്‍ഷുറന്‍സ് ഉള്ളവരും ബാങ്ക് വായ്പക്കാരും ശ്രദ്ധിക്കുക; പ്രളയക്കെടുതിക്ക് ചില ഇളവുകളുണ്ട്‌

പ്രളയക്കെടുതിയെ അതിജീവിക്കുന്ന മലയാളികള്‍ക്ക് ആശ്വാസവുമായി ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കുകളും. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി.

ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നത്

പ്രളയബാധിതര്‍ക്ക് നഷ്ടപരിഹാരത്തിന് ബന്ധപ്പെടാന്‍ നിരവധി ക്രമീകരണങ്ങള്‍ ചെയ്തു. ഹെല്‍പ്ലൈന്‍ നമ്പരുകള്‍,ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍,മൊബൈല്‍ ആപ്പ് എന്നിവ ഇതില്‍പെടുന്നു.
നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ ലളിതമാക്കി.നേരത്തെ നിരവധി രേഖകള്‍ വേണ്ട സ്ഥാനത്ത് ഇപ്പോള്‍ ചുരുക്കം രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് ബജാജ് അലയന്‍സ് ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ശശികുമാര്‍ ആദിദാമു പറഞ്ഞു.
ആശുപത്രികളിലെ കാഷ് ലെസ് സൗകര്യത്തിനുള്ള അപേക്ഷകള്‍ അര മണിക്കൂറിനകം തീര്‍പ്പാക്കുമെന്നു മാക്സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിഇഒ ആശിഷ് മേഹ്രോത്ര വ്യക്തമാക്കി.കേരളത്തില്‍ നിന്നുള്ള അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്കുകായാനിപ്പോള്‍. വാഹന, ഭവന ഇന്‍ഷുറന്‍സ് ലഭ്യമാക്കാനുള്ള നടപടികളും ലളിതമാക്കിയിട്ടുണ്ട്‌.

ബാങ്കുകള്‍ ചെയ്യുന്നത്

പ്രളയബാധിതര്‍ക്ക് ആശ്വാസവുമായി ബാങ്കുകളും രംഗത്തുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നീ ബാങ്കുകള്‍ ഓഗസ്റ്റ് മാസത്തെ വായ്പാ തിരിച്ചടവോ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവോ വൈകിയാല്‍ പിഴ ഈടാക്കില്ല. ചെക്ക് മടങ്ങിയാല്‍ ഓഗസ്റ്റ് മാസം പിഴ ചുമത്തില്ലന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു. സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ട് നല്‍കുന്നവരില്‍ നിന്ന് മിനിമം ബാലന്‍സ് പിഴ ഈടാക്കില്ലന്ന് എസ്ബിഐയും അറിയിച്ചിട്ടുണ്ട്.

പ്രളയ ബാധിതര്‍ക്ക് ഓഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലെ ഭവന വായ്പാ തിരിച്ചടവ് വൈകിയാല്‍ പിഴ ഈടാക്കില്ലന്നു ഇന്ത്യാ ബുള്‍സ് വ്യക്തമാക്കി. വീട് നവീകരണ വായ്പ എടുക്കുന്നവരില്‍ നിന്നും പ്രോസസിംഗ് ഫീ ഈടാക്കില്ലന്നും ഇന്ത്യാ ബുള്‍സ്അറിയിച്ചിട്ടുണ്ട്.