Places to See

ലോകത്തിലെ ഇത്തിരി കുഞ്ഞന്‍ രാജ്യങ്ങള്‍

വലുപ്പത്തില്‍ ഏഴാം സ്ഥാനവും ജനസംഖ്യയില്‍ രണ്ടാം സ്ഥാനവുമുള്ള നമ്മുടെ രാജ്യത്തിലെ ഒരു ഗ്രാമത്തിന്റെ അത്രമാത്രം വലുപ്പമുള്ള നിരവധി രാജ്യങ്ങളുണ്ട് . കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു അല്ലേ ? എന്നാല്‍ ആ രാജ്യങ്ങളെക്കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.

വത്തിക്കാന്‍ സിറ്റി

110 ഏക്കര്‍ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ വെറും 1000 മാത്രമാണ്. ജനസംഖ്യയിലും വിസ്തൃതിയിലും ഏറ്റവും ചെറിയ രാജ്യമെന്നറിയപ്പെടുന്നത് വത്തിക്കാന്‍ സിറ്റിയാണ്. 300 മീറ്റര്‍ മാത്രം നീളമുള്ള ഏറ്റവും ചെറിയ റെയില്‍വേ ശൃംഖല ഈ രാജ്യത്തിന് സ്വന്തമായുണ്ട്.

ദി പ്രിന്‍സിപ്പാലിറ്റി ഓഫ് സെബോര്‍ഗ

320 ജനങ്ങള്‍ മാത്രം താമസിക്കുന്ന, കുഞ്ഞന്‍ രാജ്യമാണിത്. 14 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് രാജ്യത്തിന്റെ വലുപ്പം. ഇംപീരിയ എന്ന രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ഈ കുഞ്ഞുരാജ്യത്തിന്റെ സ്ഥാനം. മാര്‍സെല്ലോ എന്ന രാജാവാണ് രാഷ്ട്രത്തിന്റെ ഭരണാധികാരി. ചെറു രാജ്യമെന്നു കരുതി നിസാരവല്‍ക്കരിക്കണ്ടേ. മൂന്നുപേരടങ്ങുന്ന ഒരു സേന- പ്രതിരോധ മന്ത്രിയും രണ്ട് അതിര്‍ത്തി കാവല്‍ക്കാരും സ്വന്തമായുള്ള രാജ്യം കൂടിയാണിത്.

 

പലാവു

ഇരുപത്തിരണ്ടായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ഈ രാജ്യം ലോകത്തിലേറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ്. പസിഫിക് സമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണ് പലാവു സ്ഥിതി ചെയ്യുന്നത്. 340 ദ്വീപുകളുടെ ഒരു കൂട്ടമാണ് ഈ ചെറുരാജ്യം. മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഫിലിപ്പൈന്‍സില്‍ നിന്നും കുടിയേറിയവരാണ് ഇവിടുത്തെ താമസക്കാര്‍. വംശനാശ ഭീഷണി നേരിടുന്ന 130 സ്രാവുകള്‍ അധിവസിക്കുന്നുണ്ടിവിടെ. ഈ സമുദ്രത്തിലെ ഒരു പ്രധാന തടാകമാണ് ജെല്ലിഫിഷ് തടാകം. നിരവധി സുവര്‍ണ ജെല്ലിഫിഷുകളെയും ഇവിടെ കാണാവുന്നതാണ്.

Palau

ദി റിപ്പബ്ലിക്ക് ഓഫ് മോളോസിയ

യു എസ് എ യുടെ അധീനതയിലുള്ള ഒരു രാജ്യമാണിത്. വെറും 34 പേര് മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. 1962 ല്‍ കെവിന്‍ ബോ എന്ന വ്യക്തിയാണ് ഈ രാജ്യം സ്ഥാപിച്ചത്. ദി റിപ്പബ്ലിക്ക് ഓഫ് മോളോസിയയെ സംബന്ധിച്ച ഏറ്റവും കൗതുകകരമായ വസ്തുത,ഈ കുഞ്ഞന്‍ രാജ്യത്തിന് സ്വന്തമായി ദേശീയ ഗാനവും ദേശീയ ചിഹ്നവും എല്ലാമുണ്ടെന്നത് തന്നെയാണ്.

ടുവാലു

പതിനൊന്നായിരത്തോളം ജനങ്ങള്‍ മാത്രം താമസിക്കുന്ന ചെറുദ്വീപുകളുടെ കൂട്ടമായ രാജ്യമാണ് ടുവാലു. പസിഫിക് മഹാസമുദ്രത്തിലാണ് ഈ രാജ്യത്തിന്റെ സ്ഥാനം. ഈ രാജ്യത്തിലെ അമ്പതു ശതമാനത്തോളം ജനങ്ങളും താമസിക്കുന്നത് ഫുണാഫുറ്റി എന്ന തലസ്ഥാന നഗരിയിലാണ്. .tv എന്ന ഡൊമെയ്ന്‍ നെയിം ആണ് ഈ രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സ്. രാജ്യത്തിന്റെ ബഡ്ജറ്റിലേക്കു ദശലക്ഷങ്ങളാണ് ഈ ഡൊമെയ്ന്‍ നെയിം സംഭാവന ചെയ്യുന്നത്. 26 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഈ കുഞ്ഞന്‍ രാജ്യത്തിന്റെ വലുപ്പം.

നിയുവെ

ന്യൂസിലന്‍ഡിന്റെ വടക്കുകിഴക്കന്‍ ഭാഗത്തു സ്ഥിതി ചെയ്യുന്ന, രണ്ടായിരത്തില്‍ താഴെ ജനങ്ങള്‍ മാത്രം അധിവസിക്കുന്ന ഒരു രാജ്യമാണ് നിയുവെ. വിനോദസഞ്ചാരം അധികം പ്രോത്സാഹിപ്പിക്കാത്ത ഈ രാജ്യത്തെ ന്യൂസിലന്‍ഡിന്റെ അസോസിയേറ്റഡ് രാജ്യമായാണ് കണക്കാക്കുന്നത്. വിസ്തൃതിയും ജനസംഖ്യയും കണക്കിലെടുത്താല്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനമുള്ള രാജ്യങ്ങളിലൊന്നാണ് നിയുവെ.

സെയ്ന്റ് കിറ്റ്‌സും നെവിസും

ഫെഡറേഷന്‍ ഓഫ് സെയ്ന്റ് ക്രിസ്റ്റഫര്‍ ആന്‍ഡ് നെവിസ് എന്നാണ് ഔദോഗികമായി ഈ രാജ്യം അറിയപ്പെടുന്നത്. വെസ്റ്റ് ഇന്‍ഡീസ് ദ്വീപ് സമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാഷ്ട്രമാണിത്. സെയ്ന്റ് കിറ്റ്‌സ്, നെവിസ് എന്ന ഇരുദ്വീപുകള്‍ ചേര്‍ന്നാണ് ഈ രാഷ്ട്രം രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ഈ രണ്ടു ദ്വീപുകളിലും കൂടി അമ്പത്തയ്യായിരം ജനങ്ങള്‍ അധിവസിക്കുന്നുണ്ട്. 261 ചതുരശ്രകിലോമീറ്ററാണ് രാജ്യത്തിന്റെ വിസ്തൃതി.