Kerala

ജടായുവിനെ കാണാന്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം

പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ജടായു എര്‍ത്ത്‌സ് സെന്റര്‍ നാളെ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ജടായു എര്‍ത്ത്‌സ് സെന്ററിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ബുധനാഴ്ച തുടങ്ങി. www.jatayuearthscenter.com എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്.

ആഗസ്റ്റ് 17 വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജടായു എര്‍ത്ത്‌സ് സെന്റര്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.ഈ മാസം 18 മുതല്‍ ഡിസംബര്‍ മാസം വരെയുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ പണമടച്ച് ബുക്ക് ചെയ്യാനാകും.

ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ജടായു എര്‍ത്ത്‌സ് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും.ഓണ്‍ലൈനായി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സന്ദര്‍ശന സമയം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കൃത്യമായി അറിയാനാകും. ബുക്ക് ചെയ്ത പ്രകാരമെത്തുന്നവര്‍ക്ക് ആര്‍.എഫ്.ഐഡി സംവിധാനമുള്ള വാച്ചുകള്‍ നല്കും.

കവാടങ്ങള്‍ കടക്കുന്നതിനും, കേബിള്‍ കാറില്‍ യാത്ര ചെയ്യുന്നതിനും ഈ വാച്ചുകളിലെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാകും അനുമതി ലഭിക്കുക.ശീതള പാനീയങ്ങളും ലഘു ഭക്ഷണവും അടക്കം കഫറ്റീരിയയില്‍ ലഭ്യമായ ഭക്ഷണം വാങ്ങി കഴിക്കുന്നതിന് ടോപ് അപ് ചെയ്യാവുന്ന ഈ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സാധിക്കും. പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത സേവനങ്ങളാണ് ജടായു എര്‍ത്ത്‌സ് സെന്ററില്‍ ഒരുക്കിയിട്ടുളളത്.