Places to See

രാജ്മച്ചി ട്രെക്കിങ് പ്രേമികളുടെ ഇഷ്ട ഇടം

മഹാരാഷ്ട്ര ഇന്ത്യയിലെ തികച്ചും വ്യത്യസ്തമായ സംസ്ഥാനങ്ങളിലൊന്നാണ്. തിരക്കേറിയ പട്ടണവും ഒപ്പം പ്രകൃതിയുടെ മനോഹാരിതയും ഒരുപോലെ ഉള്ള സംസ്ഥാനം. കടല്‍ത്തീരവും, പട്ടണകാഴ്ച്ചയും, പ്രകൃതിയുടെ പച്ചപ്പും കൊണ്ട് സമ്പന്നമാണ് ഇവിടം.

ദൗലത്താബാദ് കോട്ടയും രത്‌നാഗഢ് കോട്ടയും ദോഡാപ് കോട്ടയും പോലുള്ള കോട്ടകളും മഹാബലേശ്വറും ബന്ധര്‍ധാരയും പോലുള്ള ഹില്‍സ്റ്റേഷനുകളും ധാരാളം തീര്‍ത്ഥാടന കേന്ദ്രങ്ങളുമൊക്കെ നിറഞ്ഞ ആ നാട് സഞ്ചാരികളുടെ ഇഷ്ടായിടങ്ങളിലൊന്നാണ്. യാത്ര മഹാരാഷ്ട്രയിലേക്കാണെങ്കില്‍, രാജ്മച്ചി കോട്ട കൂടി സന്ദര്‍ശിക്കണം. ഓരോ യാത്രികന്റെയും മനസുനിറയ്ക്കാന്‍ തക്ക കാഴ്ചകള്‍ ആ കോട്ടയിലും അതിനു ചുറ്റിലുമുള്ള പ്രകൃതിയിലുമുണ്ട്.

മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ കോട്ടകളില്‍ ഒന്നാണ് രാജ്മച്ചി. ഈ കോട്ടയുടെ മുകളില്‍ നിന്നുനോക്കിയാല്‍ സഹ്യാദ്രി മലനിരകളുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാം. രാജ്മച്ചി എന്ന ഗ്രാമത്തിന് ഉദ്ധേവാഡി എന്നൊരു പേരുകൂടിയുണ്ട്. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകര്‍ഷിക്കും രാജ്മച്ചി കോട്ട. രണ്ടുവഴികളാണ് കോട്ടയിലേക്കുള്ളത്.

അതിലൊന്ന് ഏറെ ദുര്‍ഘടം പിടിച്ചതാണ്. കൊണ്ടിവാടെ എന്നുപേരുള്ള ഗ്രാമത്തില്‍ നിന്നും രണ്ടായിരമടി മുകളിലേക്ക് നടന്നുകയറുന്ന ഈ വഴി ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന ഏതൊരാളെയും അതിയായി ആകര്‍ഷിക്കും. മറ്റൊരു വഴി, ലോണാവാലയില്‍ നിന്നുമാണ്. ലോണാവാലയില്‍ നിന്നുള്ള യാത്ര നിരപ്പായ പാതയിലൂടെയാണ്.

ഈ പാത തിരഞ്ഞെടുക്കുകയാണെങ്കില്‍ അധികം ആയാസമില്ലാതെ തന്നെ സഞ്ചാരികള്‍ക്ക് കോട്ടയ്ക്കു മുകളിലേക്ക് എത്തിച്ചേരാന്‍ കഴിയും. തിളങ്ങുന്ന നീര്‍ച്ചാലുകളും മുത്തുകള്‍ പൊഴിയുന്ന പോലത്തെ വെള്ളച്ചാട്ടങ്ങളും മനോഹരമായ പച്ചപുല്‍ത്തകിടികളും താഴ്വരകളുമൊക്കെയാണ് കോട്ടയ്ക്കു മുകളില്‍ നിന്നുള്ള, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍.

ട്രെക്കിങ്ങിനാണ് താല്പര്യമെങ്കില്‍,കൊണ്ടിവാടെയിലെ കാല്‍ഭൈരവ്‌നാഥ് ക്ഷേത്ര പരിസരത്താണ് ട്രെക്കിങ്ങ് ക്യാമ്പ്. രാത്രി ക്യാമ്പില്‍ താമസിച്ചതിനു ശേഷം, പിറ്റേന്ന് കാലത്താണ് ട്രെക്കിങ്ങ് ആരംഭിക്കണം. അടുത്തുള്ള ഗ്രാമത്തില്‍ നിന്നും ഭക്ഷണം പണം നല്‍കി വാങ്ങാനുള്ള സൗകര്യങ്ങളുണ്ട്. പൈതൃക സ്മാരകങ്ങളും ഗുഹകളുമൊക്കെ ഈ ട്രെക്കിങ്ങിനിടയില്‍ കാണാവുന്നതാണ്. ഈ കൗതുകകാഴ്ചകള്‍ ട്രെക്കിങ്ങിനെ ഏറെ രസകരമാക്കുമെന്നതില്‍ തര്‍ക്കമില്ല.

ഉദയ്‌സാഗര്‍ എന്നു പേരുള്ള മനോഹരമായ തടാകം സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്. താല്പര്യമുള്ളവര്‍ക്ക് തടാകം സന്ദര്‍ശിക്കാവുന്നതാണ്. രാജ്മച്ചി കോട്ടയിലേക്കുള്ള യാത്രയുടെ ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍, അതിസുന്ദരങ്ങളായ ഫോട്ടോകള്‍ സമ്മാനിക്കാന്‍ കഴിയും ഈ തടാകക്കരയ്ക്ക്. ഈ തടാകകരയില്‍ നിന്നും കുറച്ചുദൂരം മാറിയാണ് പ്രശസ്തമായ കൊണ്ടാണെ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ബുദ്ധ സന്യാസികള്‍ താമസിച്ചിരുന്നവയായിരുന്നു ആ ഗുഹകള്‍ എന്നാണ് ചരിത്രരേഖകള്‍ പറയുന്നത്.

മഹാരാഷ്ട്രയിലെ പ്രശസ്തമായ ലോണാവാല, ഖണ്ഡാല എന്ന ഹില്‍സ്റ്റേഷനുകള്‍ സ്ഥിതിചെയ്യുന്നതും ഇവിടെ നിന്നും അധികം ദൂരെയല്ല. കുടുംബത്തോടൊപ്പമാണ് യാത്രയെങ്കില്‍ ലോണാവാലയിലെ പ്രശസ്തമായ റെയ്വുഡ് പാര്‍ക്ക് സന്ദര്‍ശിക്കുന്നതും നിങ്ങളുടെ യാത്രയെ ആനന്ദിപ്പിക്കും. വശീകരിക്കുന്ന ഇവിടുത്തെ പ്രകൃതിയും മോഹിപ്പിക്കുന്ന കാഴ്ചകളും ഓരോ സഞ്ചാരിയ്ക്കും മനോഹരമായ അനുഭവങ്ങള്‍ തന്നെയായിരിക്കും സമ്മാനിക്കുക.

രാജ്മച്ചി കോട്ടയുടെ ചരിത്രം

ശതവാഹന രാജാക്കന്മാരാണ് ഈ കോട്ട പണികഴിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. പിന്നീട് 1657 ല്‍ ബിജാപൂരിലെ ഭരണാധികാരിയില്‍ നിന്നും മറാത്താ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ശിവജി ഈ കോട്ട പിടിച്ചെടുത്തു. 1704 ല്‍ മുഗള്‍ ചക്രവര്‍ത്തി, ഔറംഗസേബ് ഈ കോട്ട കയ്യടക്കി. തൊട്ടടുത്ത വര്ഷം തന്നെ മറാത്താ രാജാവ് കോട്ട തിരിച്ചുപിടിച്ച് തങ്ങള്‍ക്കൊപ്പം ചേര്‍ത്തു , പിന്നീട് 1713 വരെ ഈ കോട്ട മറാത്താ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. 1818 ല്‍ മറാത്താ സാമ്രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത ബ്രിട്ടീഷുകാര്‍ രാജ്മച്ചി കോട്ടയും തങ്ങളുടേതാക്കി.

എങ്ങനെ രാജ്മച്ചിയിലേക്കെത്തി ചേരാം?

ഒരാഴ്ചയിലെ എല്ലാ ദിവസവും സന്ദര്‍ശകര്‍ക്ക് ഇവിടെ പ്രവേശനാനുമതിയുണ്ട്. പ്രത്യേക ഫീസ് ഒന്നുംതന്നെ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിട്ടില്ല. ഏറ്റവുമടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് ലോണാവാലയിലാണ്. അവിടെ നിന്നും കോട്ടയുടെ പരിസരത്തേക്ക് സ്വകാര്യ ക്യാബുകള്‍ ലഭ്യമാണ്. ഏറ്റവുമടുത്തുള്ള എയര്‍പോര്‍ട്ട് ഛത്രപതി ശിവജി എയര്‍പോര്‍ട്ട് ആണ്. റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ മുംബൈ- പൂനെ ദേശീയപാതയിലാണിത് സ്ഥിതിചെയ്യുന്നത്. എളുപ്പത്തില്‍ എത്തിച്ചേരാം. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടം സന്ദര്‍ശിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ സമയം. അന്നേരങ്ങളില്‍ ഇവിടുത്തെ പ്രകൃതിക്കുപോലും വല്ലാത്തൊരു അഴകാണ്.