News

റിസോർട്ടിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപെടുത്തി; സംഭവം മൂന്നാറിൽ

മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളടക്കമുള്ള സഞ്ചാരികളെ രക്ഷപെടുത്തി. റിസോർട്ടിൽ കുടുങ്ങിയ സഞ്ചാരികളുമായി രാവിലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ടെലിഫോണിൽ സംസാരിച്ചിരുന്നു.19 വിദേശികളടക്കം 69 സഞ്ചാരികളാണ് പ്ലം ജൂഡി റിസോർട്ടിൽ കുടുങ്ങിയത്.

വിദേശികളുമായും റിസോർട്ട് അധികൃതരുമായും മന്ത്രി ടെലിഫോണിൽ സംസാരിച്ചു. റോഡ് ശരിയാക്കാൻ സൈന്യത്തിന്റെ സഹായം തേടിയിരുന്നു. തഹസിൽദാരും ദേവികുളം സബ്കളക്ടറും റിസോർട്ടിലെത്തി വിദേശികളുമായി സംസാരിച്ചു.

റിസോര്‍ട്ടിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞ് തകര്‍ന്നത് കാരണമാണ് ഇവര്‍ കുടുങ്ങിയത്.

ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കാന്‍ മന്ത്രി റിസോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇടുക്കിയില്‍ ഉള്ള വിദേശികള്‍ അടക്കമുള്ള ടൂറിസറ്റുകളെ എത്രയും വേഗം ജില്ലക്ക് പുറത്തുള്ള സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ വിനോദ സഞ്ചാരം പൂര്‍മായും നിരോധിച്ചതായും ഏതെങ്കിലും ടൂറിസ്റ്റുകള്‍ക്കോ, ടൂറിസം കേന്ദ്രത്തിനോ,റിസോര്‍ട്ടുകള്‍ക്കോ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തിനേയോ ടൂറിസം വകുപ്പിനേയോ അറിയിക്കുവാനും നിലവില്‍ പരിഭ്രാന്തിക്ക് കാരണമില്ലെന്നും മന്ത്രി അറിയിച്ചു.

ഇടുക്കിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ റോഡുകൾ തകരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരവും ചരക്കുവാഹന ഗതാഗതവും കലക്‌ടർ നിരോധിച്ചു.

കാലവർഷക്കെടുതിയിൽ അതീവജാഗ്രത വേണ്ട സാഹചര്യത്തിൽ വിനോദ സഞ്ചാരികളുടെ വാഹനവും ചരക്കുവാഹനങ്ങളും റോഡിലേക്കെത്തുന്നത്‌ ഉചിതമല്ലാത്തതിനാലാണ്‌ നിരോധനം ഏർപ്പെടുത്തുന്നതെന്ന്‌ കലക്‌ടർ ജീവൻ ബാബു അറിയിച്ചു. ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരമാണ് നടപടി.