News

സമരത്തിന്റെ മറവിൽ അഴിഞ്ഞാട്ടം; കർശന നടപടിയെന്ന് സുപ്രീം കോടതി

പ്രതിഷേധങ്ങള്‍ക്കിടെ പൊതു, സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നത് അതീവ ഗുരുതരമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന്റെ നിയമഭേദഗതിക്കായി കാത്തിരിക്കാനാവില്ലെന്നും കോടതി തന്നെ കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കലാപങ്ങളും അക്രമങ്ങളും നടന്നാൽ ഉത്തരവാദിത്തം അതതു സ്ഥലങ്ങളിലെ എസ്പി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ ചുമത്തണമെന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. പൊതു, സ്വകാര്യ സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടാല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കു വ്യക്തിപരമായി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന 2009ലെ സുപ്രീംകോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അക്രമങ്ങളുടെ ഉത്തരവാദികളെ കണ്ടെത്താനായി പ്രതിഷേധ പരിപാടികളുടെ വിഡിയോ പൊലീസ് ചിത്രീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ വിധി പറയുന്നതു കോടതി മാറ്റി.