Kerala

ജലനിരപ്പുയരുമ്പോള്‍ ; ആശങ്ക വേണ്ട മുന്‍കരുതല്‍ മതി

ഇടുക്കി അണക്കെട്ടില്‍  ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പുഴയുടെ തീരത്ത് വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി.

2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്ന് വിട്ടപ്പോള്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദേശം പ്രത്യേക ശ്രദ്ധിക്കണം.

ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍

പരിഭ്രാന്തരാവാതിരിക്കുകയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കുകയും ചെയ്യുക.

  • ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകള്‍ തുറക്കുന്നത് കാണുവാന്‍ അന്യ ജില്ലക്കാര്‍ വിനോദ സഞ്ചാരികള്‍ ആയി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരം നിലവില്‍ ഒഴിവാക്കുന്നതാണ് ഉത്തമം.
  • ഒരു കാരണവശാലും ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്
  • പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്
  • പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.
  • നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
  • പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടില്‍ സൂക്ഷിക്കുക.
  • ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക.
  • ആവശ്യമാണെങ്കില്‍ ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കുക. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
  • വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.
  • വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ ഉയരത്തില്‍ വെക്കുക.
  • വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുക.
  • ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക.
  • താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളില്‍ ഉള്ളവര്‍ ഫ്ലാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.
  • വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങള്‍ക്ക് പൊതുവില്‍ നീന്താന്‍ അറിയുമെന്നോര്‍ക്കുക.
  • രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക. മറ്റുള്ളവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുക.
  • നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി വെക്കുക.

കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍:
– ടോര്‍ച്ച്
– റേഡിയോ
– 500 ml വെള്ളം
– ORS ഒരു പാക്കറ്റ്
– അത്യാവശ്യം വേണ്ടുന്ന മരുന്ന്
– മുറിവിന് പുരട്ടാവുന്ന മരുന്ന്
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍
– 100 ഗ്രാം കപ്പലണ്ടി
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം
– ചെറിയ ഒരു കത്തി
– 10 ക്ലോറിന്‍ ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍
– അത്യാവശ്യം കുറച്ച് പണം

ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ റേഡിയോയില്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം MW (AM Channel): 1161 kHz
ആലപ്പുഴ MW (AM Channel): 576 kHz
തൃശൂര്‍ MW (AM Channel): 630 kHz
കോഴിക്കോട് MW (AM Channel): 684 kHz

കരുതാം ഈ നമ്പറുകള്‍
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍
Telephone Numbers of District Emergency Operations Centers
എറണാകുളം – 0484-1077 (Mob: 7902200300, 7902200400)
ഇടുക്കി – 04862-1077 (Mob: 9061566111, 9383463036)
തൃശൂര്‍ – 0487-1077, 2362424 (Mob: 9447074424)