Kerala

മഴക്കെടുതി; വെള്ളപ്പൊക്ക സാധ്യത പഠിക്കാന്‍ ആധുനിക സംവിധാനം വരുന്നു

കേരളം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്ക കെടുതിയാണ് ഈ വര്‍ഷം ഉണ്ടായത്. മഴക്കെടുതിയില്‍ കുട്ടനാട് മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. നാശനഷ്ടവും ദുരിതവും പേറി നിരവധി കുടുംബങ്ങളാണ് ഇന്നും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. ഇതിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ വെള്ളപൊക്ക ദുരിതാശ്വാസത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു.

മഴക്കെടുതിയില്‍ മനുഷ്യ ജീവിതം താറുമാറാകാതിരിക്കാന്‍ മഴയുടെയും നീരൊഴുക്കിന്റെയും അളവ് മുന്‍കൂട്ടി മനസ്സിലാക്കാനും അധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വെള്ളപൊക്ക സാധ്യത മുന്‍കൂട്ടി പ്രവചിക്കാനും കാഠിന്യം വിലയിരുത്താനും ഫ്‌ളഡ് ഫോര്‍കാസ്റ്റിംഗ് സിസ്റ്റം രൂപകല്‍പന ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഇക്കാര്യത്തില്‍ വിശദമായി പഠനം നടത്തി സമയബന്ധിതമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളം കേറാത്ത വിവിധ ഉദ്ദേശ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. ഇവ ദുരിതാശ്വാസ ക്യാമ്പുകളായും സാമൂഹ്യ അടുക്കളയായും ഉപയോഗിക്കാവുന്നവിധമായിരിക്കും. എല്ലാ വീട്ടിലേക്കും ഉതകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ശുചിമുറികള്‍ നിര്‍മ്മിച്ച് നല്‍കും.

സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സംവിധാനം കെട്ടിടങ്ങളിലുണ്ടാവും. കെട്ടിടനിര്‍മ്മാണത്തിനുപയോഗിക്കാവുന്ന ഇടങ്ങളില്‍ നിലവിലുള്ള നിയമത്തില്‍ നിന്നുകൊണ്ട് പ്രത്യേക കെട്ടിട നിര്‍മ്മാണ സാധ്യത പരിശോധിക്കും. അല്ലാത്ത പക്ഷം ആവശ്യമെങ്കില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ടോ എന്നും പരിശോധിക്കും.

കുട്ടനാട് തന്നെ ചില വീടുകള്‍ വെള്ളം കയറാനിടവരുത്താത്ത വിധത്തില്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. നിയമനിര്‍മ്മാണം ആവശ്യമായി വരുന്നപക്ഷം തദ്ദേശ സ്വയംഭരണ വകുപ്പിനെ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യം നേടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഡിസാസ്ട്രസ് മാനേജ്മെന്റ് അതോറിറ്റിയെയും അനെര്‍ട്ടിനെയും ചുമതലപ്പെടുത്താന്‍ തീരുമാനമായി.