News

വ്യാജ വാര്‍ത്താ പ്രചരണം തടയാനുള്ള നിയമം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നടന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് കാരണമായത് സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളായിരുന്നു.

ദുരുപയോഗം ചെയ്യുന്നു എന്ന ശ്രദ്ധയില്‍പെട്ടാല്‍ സമൂഹമാധ്യമങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം സേവനദാതാക്കള്‍, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് ഓഫ് ഇന്ത്യ എന്നിവരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ ഇവ ബ്ലോക്ക് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് കത്തയച്ചിരുന്നു.

നവമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ പൊതുജനങ്ങളിലെത്താതെ തടയാനുള്ള വകുപ്പായ ഐടി ആക്റ്റിലെ 63എ വകുപ്പ് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.

ദുരുപയോഗം ചെയ്യപ്പെടുന്ന സൈറ്റുകള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ സൈബര്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമോ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണ് സൈബര്‍ നിയമവിഭാഗത്തിന്റെ പ്രതികരണം.

അടുത്തിടെ സന്ദേശങ്ങള്‍ കൂട്ടമായി കൈമാറുന്ന കാര്യത്തില്‍ വാട്ട്‌സ് ആപ്പിന് നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരുന്നു. ഒരേ സമയം അഞ്ചുപേര്‍ക്ക് മാത്രമേ ഒരേസമയം സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കൂ എന്നായിരുന്നു നിര്‍ദ്ദേശം. മാത്രമല്ല, ക്വിക്ക് ഫോര്‍വേര്‍ഡ് ബട്ടണും എടുത്ത് മാറ്റിയിരുന്നു. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിനെതിരെ ശക്തമായി പ്രവര്‍ത്തിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.