India

ലോകത്തിലെ മികച്ച നഗരങ്ങളില്‍ മൂന്നാമന്‍ ; ഉദയ്പൂര്‍

തടാകങ്ങളുടെ നാട് എന്നീ വിശേഷണങ്ങളുള്ള രാജസ്ഥാനിലെ ഉദയ്പൂര്‍ വീണ്ടും ലോകത്തെ മികച്ച നഗരമായി തിരഞ്ഞെടുത്തു. ട്രാവല്‍ + ലെഷര്‍ മാസിക നടത്തിയ സര്‍വ്വേയിലാണ് ഉദയ്പൂര്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. മെക്‌സിക്കന്‍ നഗരമായ സാന്‍ മിഗുവേല്‍ ഡി അലെന്‍ഡേയും, ഓക്‌സാക എന്നിവയുമാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയത്. ഉദയ്പൂരാണ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നഗരം.

2009-ല്‍ നടന്ന സര്‍വ്വേയിലും ലോകത്തെ മികച്ച നഗരമായി ഉദയ്പൂര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16-ാം നൂറ്റാണ്ടില്‍ മേവാഡിലെ മഹാറാണകളാണ് ഈ നഗരം നിര്‍മ്മിച്ചത്. ഉദയ്പ്പൂരിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങള്‍…

ബഗോരെ കി ഹവേലി

ലേക്ക് പിച്ചോലെയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹവേലിയാണ് ഇത്. രജപുത്‌ന പൈതൃവും, സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന ഒരു ഗ്യാലറി ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ ടര്‍ബന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സംസ്‌കാരത്തെ കുറിച്ച് അറിയാനുള്ള അകാംക്ഷയുണ്ടെങ്കില്‍ മ്യൂസിയത്തിലെ ഒരു മണിക്കൂറുള്ള നൃത്തപരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.

കുംഭല്‍ഗഡ് ഫോര്‍ട്ട്

രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയില്‍ ആരവല്ലി കുന്നുകളുടെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കോട്ടയാണ് കുംഭല്‍ഗഡ് ഫോര്‍ട്ട്. നഗരത്തില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ മതില്‍ 30കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുകയാണ്. നല്ല അനുഭവങ്ങള്‍ക്കായി കോട്ട ചുറ്റിക്കാണാവുന്നതാണ്.

ഫത്തേ സാഗര്‍ ലേക്ക്

കിഴക്കിലെ വെനീസെന്ന് ഉദയ്പൂരിനെ വെറുതെയല്ല വിശേഷിപ്പിക്കുന്നത്. നിരവധി കാഴ്ചകള്‍ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ടെങ്കിലും ഫത്തേ സാഗര്‍ ലേക്ക് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണമാണ്. മൂന്ന് ദ്വീപുകളാണ് ഈ തടാകത്തില്‍ സ്ഥിതി ചെയ്യുന്നത്. എല്ലാ ദ്വീപിലും പാര്‍ക്കുകള്‍ ഉണ്ട്. ഈ പാര്‍ക്കിലേക്ക് ബോട്ട് സര്‍വ്വീസുകളും ഉണ്ട്. സന്ധ്യാസമയത്ത് സൂര്യസ്തമയത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഇവിടേക്ക് വരാവുന്നതാണ്.

അഹര്‍ സെനോതാഫ്‌സ്

രാജകുടുംബാംഗങ്ങളെ അടക്കം ചെയ്തിരിക്കുന്ന സ്ഥലവും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ചരിത്രകാരന്മാരേയും, വിനോദസഞ്ചാരികളേയും ഒരുപോലെ ആകര്‍ഷിക്കുന്ന ഇടമാണ് ഇവിടം. പത്താം നൂറ്റാണ്ടിലെ അപൂര്‍വ്വ സ്മാരകങ്ങളുടെ ശേഖരങ്ങളുള്ള ആര്‍ക്കയോളജിക്കല്‍ മ്യൂസിയവും ഇവിടുത്തെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

ലേക്ക് പാലസ്, പിച്ചോള ലേക്ക്

ലോകത്തെ ഏറ്റവും റൊമാന്റിക് ആയ ഹോട്ടലാണ് ലേക്ക് പാലസ് എന്ന് പറയപ്പെടുന്നു. താജ് ഗ്രൂപ്പ് പിന്നീട് ഇത് ഏറ്റെടുത്തു. പഴയ പ്രതാപത്തിലേക്ക് ഈ ഹോട്ടലിനെ തിരികെ കൊണ്ടു വന്നതും ഇവരാണ്.