Kerala

ജിജു യാത്ര ചെയ്യുന്നു ഹരിത പാഠങ്ങള്‍ പഠിച്ചും പഠിപ്പിച്ചും

ഹരിത വിനോദസഞ്ചാര പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശവുമായി കാര്‍ യാത്ര. കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിജു ജോസാണ് തിരുവനന്തപുരം മുതല്‍ ശ്രീനഗര്‍ വരെ കാറില്‍ പര്യടനം നടത്തിയത്.


കഴിഞ്ഞ മാസം 20ന് ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസമാണു ശ്രീനഗറിലെത്തിയത്. യാത്രയിലൂടനീളം അദ്ദേഹം കണ്ടതും പങ്കുവച്ചതും ഹരിത പാഠങ്ങള്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു മാതൃകയാക്കാവുന്ന പദ്ധതികള്‍ ഗ്വാളിയര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടപ്പാക്കുന്നുണ്ടെന്ന് ജിജു ജോസ് പറയുന്നു.

കശ്മീരിലെ ഡല്‍ തടാകത്തിലെ മാലിന്യം മുഴുവന്‍ നീക്കം ചെയ്തതു കയ്യടി അര്‍ഹിക്കുന്നതാണ്. വിവിധ സ്ഥലങ്ങളില്‍ കണ്ട കാഴ്ചകളും യാത്രയുടെ അനുഭവവും വിനോദസഞ്ചാര രംഗത്തു നടപ്പാക്കുമെന്നു ജിജു പറഞ്ഞു. ജമ്മുവിലെ കേന്ദ്ര സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല തുടങ്ങി പലയിടങ്ങളിലും ഹരിത വിനോദസഞ്ചാര മാര്‍ഗത്തെക്കുറിച്ചു പ്രഭാഷണങ്ങള്‍ നടത്താനും അദ്ദേഹം സമയം കണ്ടെത്തി.

തിരുവനന്തപുരത്തു നിന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത യാത്ര ഹൈദരാബാദ്, നാഗ്പുര്‍, ഗ്വാളിയര്‍, ഝാന്‍സി വഴിയാണു ശ്രീനഗറിലെത്തിയത്. തനിച്ചു 4300 കിലോമീറ്ററിലേറെ സഞ്ചരിച്ചു പരിസ്ഥിതി ബോധവല്‍ക്കരണ സന്ദേശം പങ്കുവച്ചത് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്നതും ഏറെ ശ്രദ്ധേയം.