News

വൈകില്ല നീല വസന്തം; മൂന്നാർ കുറിഞ്ഞിപ്പൂക്കാലത്തെ വരവേൽക്കാൻ ഒരുങ്ങി

നീലക്കുറിഞ്ഞിക്കാലം വൈകില്ല. ഈ മാസം ആദ്യത്തോടെ കുറിഞ്ഞിപ്പൂക്കാലം വരുമെന്നായിരുന്നു കേരളത്തിലെ ടൂറിസം മേഖലയുടെ കണക്കുകൂട്ടൽ. എന്നാൽ അങ്ങിങ്ങു കുറിഞ്ഞികൾ പൂത്തതല്ലാതെ രാജമല മലനിരകൾ നീലപ്പുതപ്പ് അണിഞ്ഞില്ല. ഈ മാസം അവസാനത്തോടെ നീല വസന്തം വരുമെന്നാണ് കരുതുന്നത്. അടുത്തിടെ പെയ്ത കനത്ത മഴയാണ് കുറിഞ്ഞി വിടരുന്നത് വൈകിച്ചത്.

കുറിഞ്ഞി വിടരുന്ന കാലത്ത് പ്രതിദിനം പരമാവധി 3500 സഞ്ചാരികളെയെ മൂന്നാറിൽ പ്രവേശിപ്പിക്കൂ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. നീല വസന്തം കാണാൻ നേരത്തെ എത്തിയവർ നിരാശരായി മടങ്ങുകയാണ്. ചിലരൊക്കെ ഇതിനകം നീലക്കുറിഞ്ഞികൾ ഒറ്റപ്പെട്ടു പൂത്തു നിൽക്കുന്ന ഇടങ്ങളിൽ പോയി ആശ്വാസം കണ്ടെത്തുന്നുണ്ട്.

നീലക്കുറിഞ്ഞി സീസൺ കണക്കിലെടുത്തു അടിസ്ഥാന സൗകര്യ വികസനത്തിന് ടൂറിസം വകുപ്പ് 1.52 കോടി രൂപ അനുവദിച്ചിരുന്നതായി ടൂറിസം ഡയറക്ടർ പി ബാലകിരൺ പറഞ്ഞു. നാലുമാസത്തെ കുറിഞ്ഞിക്കാലത്തു എട്ടു ലക്ഷത്തോളം സഞ്ചാരികൾ മൂന്നാറിലെത്തുമെന്നാണ് പ്രതീക്ഷ.