Kerala

വര്‍ക്കല ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന് 10 കോടി

വര്‍ക്കല ടൂറിസം മേഖലയില്‍ ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന് 10 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബീക്കണ്‍ വര്‍ക്കല നഗരസഭയുടെ ഓള്‍ഡ് ഈസ് മൈ ഗോള്‍ഡ്, അജൈവ വസ്തുക്കളുടെ കൈമാറ്റം, പാപനാശം ക്ലോക് ടവര്‍ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓള്‍ഡ് ഈസ് മൈ ഗോള്‍ഡ്’ ടൂറിസം മേഖലയില്‍ പുത്തനുണര്‍വേകും. പാപനാശം ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സെപ്തംബറില്‍ ആരംഭിക്കുന്നതോടെ ടൂറിസം മേഖലയില്‍ വര്‍ക്കലയുടെ മുഖച്ഛായതന്നെ മാറും. ബീച്ചും പരിസരവും മാലിന്യ രഹിതമാക്കണം. മാലിന്യം ടൂറിസത്തിന് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വര്‍ക്കല നഗരസഭ സ്വരൂപിച്ച 15 ടണ്‍ മാലിന്യം ക്വയിലോണ്‍ പ്ലാസ്റ്റിക് എന്ന ഏജന്‍സിക്ക് മന്ത്രി കൈമാറി. വി ജോയി എംഎല്‍എ അധ്യക്ഷനായി. കലക്ടര്‍ കെ വാസുകി മുഖ്യപ്രഭാഷണം നടത്തി.

ബീക്കണ്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് ഡോ. സി എന്‍ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ എസ് അനിജോ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലതിക സത്യന്‍, ഷിജിമോള്‍, ഗീത ഹേമചന്ദ്രന്‍, പി ഉണ്ണികൃഷ്ണന്‍ നായര്‍, കെ പ്രകാശ്, ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി കെ അനൂപ്, കനറാ ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ ബാബു കുര്യന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കല നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ് സ്വാഗതവും സെക്രട്ടറി എസ് സുബോധ് നന്ദി പറഞ്ഞു.