Kerala

ഓണസമ്മാനവുമായി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: ഈവരുന്ന പൊന്നോണക്കാലത്ത് മറുനാടന്‍ മലയാളികള്‍ക്ക് കേരളത്തിലെത്തി ഓണം ആഘോഷിക്കുവാനായി ഇതാദ്യമായി കെഎസ്ആര്‍ടിസി ‘മാവേലി ബസ്സ്’ -കള്‍ യാത്രക്കാര്‍ക്കായി അവതരിപ്പിക്കുന്നു.


ഓണാവധിക്കാലത്തോടനുബന്ധിച്ച് ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും കേരളത്തിലെത്താന്‍ വളരെയധികം ചാര്‍ജ്ജുകള്‍ നല്‍കി ഇനി സ്വകാര്യ കോണ്‍ട്രാക്റ്റ് കാര്യേജുകളെ ആശ്രയിക്കേണ്ട അവസ്ഥയില്ല.

സ്വകാര്യ കോണ്‍ട്രാക്റ്റ് കാര്യേജുകളുടെ ഇത്തരത്തിലുള്ള ചൂഷണത്തിന് പരിഹാരമെന്നോണം കെഎസ്ആര്‍ടിസി ഇത്തവണ ‘മാവേലി സീസണല്‍’ ബസ്സുകളുമായി യാത്രക്കാരോടൊപ്പം എത്തുന്നു.

കെഎസ്ആര്‍ടിസിയുടെ നിലവില്‍ ഓടുന്നതില്‍ നിന്നും കൂടുതലായി100 ബസ്സുകള്‍ ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ കേരളത്തിലെ പ്രധാനപ്പെട്ട വിവിധ പട്ടണങ്ങളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും കൂടാതെ പെര്‍മിറ്റ് ലഭ്യമാകുന്ന പക്ഷം ചെന്നൈയിലേക്കും തിരിച്ചുമുളള സര്‍വീസുകള്‍ നടത്തും.

മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ AC, മള്‍ട്ടി ആക്‌സില്‍ വോള്‍വോ എ.സി. ബസ്സുകള്‍ എന്നിവ കൂടാതെ സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നീ ശ്രേണിയിലുള്ള ബസ്സുകളും ഇതോടൊപ്പം മറുനാടന്‍ മലയാളികളുടെ സൗകര്യാര്‍ത്ഥം ക്രമീകരിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജിലൂടെയും ഇമെയില്‍ വഴിയും ലഭ്യമായ യാത്രക്കാരുടെ നിരന്തരമായ സന്ദേശങ്ങളുടെയും അപേക്ഷകളുടെയും അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി ഇപ്രകാരം മറുനാടന്‍ മലയാളികള്‍ക്ക് വേണ്ടി യാത്രാ സൗകര്യം ഒരുക്കുന്നത് എന്ന് കെ എസ് ആര്‍ ടി സി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി ഐ പി  എസ്   അറിയിച്ചു.

ഈ സര്‍വീസുകള്‍ക്കെല്ലാം തന്നെ ഓണ്‍ലൈനായി സീറ്റ് റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ആയ www.keralartc.in വഴിയും redbus മുഖാന്തിരവും മുന്‍കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.