News

ഇനി തീവണ്ടികളിലും ഭക്ഷണാവശിഷ്ടം ശേഖരിക്കും

വിമാനത്തില്‍ ചെയ്യുന്നതുപോലെ ഇനി തീവണ്ടികളിലും കാറ്ററിങ് തൊഴിലാളികള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി. ജൂലായ് 17-ന് ഡിവിഷന്‍തല ഉദ്യോഗസ്ഥരും ബോര്‍ഡ് അംഗങ്ങളുമായി ചേര്‍ന്ന യോഗത്തിലാണ് തീവണ്ടികള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഭക്ഷണം വിതരണംചെയ്യുന്നവര്‍തന്നെ അവശിഷ്ടങ്ങള്‍ ശേഖരിക്കണമെന്ന് തീരുമാനിച്ചത്.

നിലവില്‍ ഭക്ഷണശേഷം യാത്രക്കാര്‍ പ്ലേറ്റുകളും അവശിഷ്ടങ്ങളും ഇരിപ്പിടത്തിനടിയിലും തറയിലും ഇടാറാണ് പതിവ്. പഴത്തൊലിയും ഒഴിഞ്ഞ കൂടുകളുമടക്കമുള്ളവ അവിടവിടെ കിടക്കുന്നത് ഒഴിവാക്കാനാണ് നടപടിയെന്നും ലൊഹാനി വ്യക്തമാക്കി.

ഭക്ഷണവിതരണത്തൊഴിലാളികളില്ലാത്ത തീവണ്ടികളില്‍ ഹൗസ് കീപ്പിങ് തൊഴിലാളികള്‍ക്കാണ് ചുമതല. കരാറില്‍ ഇക്കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തും.