News

മീൻ പിടിച്ചത് കേരളം; വലയിലായത് ഗോവ

ഫോർമാലിൻ ചേർത്ത മത്സ്യങ്ങൾ കേരളത്തിൽ വിവിധയിടങ്ങളിൽ പിടികൂടിയെങ്കിൽ ഈ വാർത്ത മൂലം പ്രതിസന്ധിയിലായിരിക്കുന്നത് ഗോവയിലെ ഭക്ഷണശാലകളാണ്. ട്രോളിംഗ് നിരോധനം മൂലം മത്സ്യത്തിന് വില ഉയർന്നതിനിടെയാണ് ഗോവയിലെ ഫോർമാലിൻ തിരിച്ചടി. ഫോർമാലിൻ വിവാദത്തെത്തുടർന്ന് മത്സ്യ ഇറക്കുമതി ഗോവ നിരോധിച്ചത് എരിതീയിൽ എണ്ണ പകരലായി.

മീൻ വിഭവങ്ങൾ ഗോവൻ ഭക്ഷണത്തിന്റെ ഭാഗമാണ്. എന്നാൽ ഈ മാസം 31 വരെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത് ഗോവൻ മത്സ്യ വിപണിയെ ബാധിച്ചിരുന്നു. ആന്ധ്രാ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് ട്രോളിംഗ് നിരോധന കാലത്തു ഗോവയിലേക്ക് മീൻ കൊണ്ടുവന്നിരുന്നത്. എന്നാൽ ഫോർമാലിൻ
വിവാദം വന്നതോടെ ഗോവയിൽ മത്സ്യ ഇറക്കുമതി നിരോധിച്ചു. ഇതോടെ പ്രതിസന്ധിയിലായത് ഗോവൻ ഭക്ഷണശാലകളാണ്. മീൻ രുചിക്കാതെ എന്തു ഗോവ എന്ന് ചിലരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവാത്ത സ്ഥിതിയായി.
ഇതിനിടെ ഇറക്കുമതി മീനുകളിൽ ഫോർമാലിൻ അനുവദനീയ അളവിൽ മാത്രമാണുള്ളതെന്ന സംസ്ഥാന ഭക്ഷ്യ സുരക്ഷാ മേധാവി ജ്യോതി സർദേശായിയുടെ പ്രസ്താവനയും വിവാദമായി. ജ്യോതിയെ തൽസ്ഥാനത്തു നീക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തിറങ്ങുകയും ചെയ്തു.