Kerala

കാറ്റുമൂളും പാഞ്ചാലിമേട്

പഞ്ച പാണ്ഡവ പത്‌നി പാഞ്ചാലി സ്ത്രീ സൗന്ദര്യത്തിന് ഉദാഹാരണമാണെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പാഞ്ചാലിയുടെ സൗന്ദര്യം അത്രത്തോളം തന്നെ പാഞ്ചാലിമേടിനും കിട്ടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പച്ച വിരിച്ച കുന്നിന് മുകളില്‍ എത്തുന്നവര്‍ക്ക് കാഴ്ച കണ്ട് മടങ്ങാന്‍ മടിയാണ്. ഭൂപ്രകൃതിയും കുളിര്‍ന്ന കാലാവസ്ഥയും തേടി ഇടുക്കിയിലേയ്ക്ക് വരുന്നവര്‍ പാഞ്ചാലിമേട് കാണാന്‍ മറക്കേണ്ട. കുന്നു കയറി വരുമ്പോള്‍ ഇഷ്ടം പോലെ കുളിര്‍വായു ശ്വസിക്കാനും മടിക്കേണ്ട. കാരണം വായുവിന്റെ ഈ പരിശുദ്ധി നിങ്ങളുടെ നാട്ടിലൊന്നും ഉണ്ടാവില്ല.

pic courtesy: Panchalimedu.com

പാഞ്ചാലിക്കുളം

മഹാഭാരതത്തില്‍നിന്നൊരു ഏട് പോലെയാണ് ദൃശ്യഭംഗികൊണ്ടും ഐതിഹ്യപ്പെരുമകൊണ്ടും സമ്പന്നമായ പാഞ്ചാലിമേട്. സമുദ്രനിരപ്പില്‍നിന്നു 2500 അടി ഉയരത്തില്‍ മഞ്ഞു കിനിഞ്ഞിറങ്ങുന്ന പ്രദേശം. പാഞ്ചാലിമേടിന്റെ അടുത്ത പ്രദേശങ്ങള്‍ മനോഹരമായ പാറക്കൂട്ടങ്ങള്‍കൊണ്ടു സമ്പുഷ്ടമാണ്. കൂടെ കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളും. നിറയെ മൊട്ടക്കുന്നുകള്‍ ഉള്ള പാഞ്ചാലിമേടിനു സമീപത്തെ തെക്കേമല സഞ്ചാരികളുടെ കണ്ണിനു കുളിര്‍മ പകരുന്ന കാഴ്ചയാണ്.

അജ്ഞാതവാസത്തിനു തൊട്ടുമുന്‍പുള്ള കാലത്ത് പാണ്ഡവന്മാര്‍ പാഞ്ചാലിക്കൊപ്പം ഇവിടെയാണു താമസിച്ചിരുന്നതെന്നു കരുതുന്നു. ഇവിടുത്തെ ഗോത്രവര്‍ഗക്കാര്‍ പാണ്ഡവര്‍ക്കു വേണ്ട സഹായവും ചെയ്തിരുന്നു. അങ്ങനെയാണ് പാഞ്ചാലിയുടെ പേരില്‍ ഈ സ്ഥലം അറിയപ്പെട്ടത്.

ഐതിഹ്യപ്പെരുമയുള്ള പാഞ്ചാലിക്കുളമാണ് മറ്റൊരു പ്രത്യേകത. പാണ്ഡവരുടെ വനവാസകാലത്തു പാഞ്ചാലിക്കു കുളിക്കാന്‍വേണ്ടി ഭീമസേനന്‍ കുഴിച്ച കുളമാണിതെന്നാണു വിശ്വാസം. അങ്ങനെ ഇതിനു പാഞ്ചാലിക്കുളമെന്നു പേരുമായി. പക്ഷേ സദാസമയവും തെളിനീരുണ്ടായിരുന്ന കുളം ഇപ്പോള്‍ ചെളി നിറഞ്ഞു കിടക്കുകയാണ്.

ട്രെക്കിങ്

ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും സുന്ദരമായ പ്രദേശമാണിത്. കുന്നു കയറിച്ചെല്ലുമ്പോള്‍ ശ്വാസമെടുത്ത് ചുറ്റുമൊന്നു നോക്കുക. കയറിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ ആ കാഴ്ച മതിയാകും.

കുരിശുമല, ക്ഷേത്രം

പഴയകാലത്തെ മതസൗഹാര്‍ദത്തിന്റെ പ്രതീകമായി കുരിശുമലയും ഭുവനേശ്വരീക്ഷേത്രവും അടുത്തടുത്തായി സ്ഥിതിചെയ്യുന്നതാണു മറ്റൊരു പ്രത്യേകത. പ്രാചീന വാസ്തു ശില്‍പകലയില്‍ തീര്‍ത്ത ഈ ക്ഷേത്രത്തിലെ വിഗ്രഹം പാണ്ഡവര്‍ കൊടുത്തതാണെന്നാണു വിശ്വാസം. ഈ മലയില്‍നിന്നാല്‍ മകരവിളക്കു കാണാം എന്നതു മറ്റൊരു സവിശേഷത.

കുരിശുമല കയറാന്‍ ഇപ്പോഴും ധാരാളം വിശ്വാസികള്‍ എത്തുന്നുണ്ട്. അതുപോലെ, വര്‍ഷങ്ങളുടെ പഴമ അവകാശപ്പെടുന്ന ക്ഷേത്രത്തില്‍ ഇപ്പോഴും പൂജകള്‍ നടക്കുന്നുണ്ട്.

പാഞ്ചാലിമേട്ടില്‍ എത്താന്‍

കോട്ടയത്തുനിന്ന് കെകെ റോഡിലൂടെ 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാഞ്ചാലിമേട്ടിലെത്താം. മുണ്ടക്കയം കഴിഞ്ഞ് കയറ്റം കയറി മുറിഞ്ഞപുഴയില്‍ എത്തുമ്പോള്‍ പ്രവേശനകവാടമായി. പിന്നെയങ്ങോട്ട് അഞ്ചു കിലോമീറ്റര്‍ അല്‍പം സൂക്ഷിച്ചുവേണം ഡ്രൈവിങ്. മുറിഞ്ഞ പുഴയില്‍നിന്ന് ട്രിപ് ജീപ്പുകളും കിട്ടും.

താമസം

തേക്കടി- രാമക്കല്‍മേട്- മൂന്നാര്‍ യാത്രയില്‍ ആദ്യ സ്റ്റോപ്പാണ് പാഞ്ചാലിമേട്. ഇവിടെ പ്രത്യേകം താമസ സൗകര്യമില്ല. മുണ്ടക്കയത്തോ കുട്ടിക്കാനത്തോ താമസിക്കാം.