News

കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ വിദേശയാത്ര; വമ്പന്‍ ഓഫറുമായി കേരള സര്‍ക്കാര്‍ സ്ഥാപനം

Related image
പ്രമുഖ ട്രാവല്‍ കമ്പനിയായ തോമസ്‌ കുക്കുമായി ചേര്‍ന്ന് കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് അവസരമൊരുക്കുന്നു. യാത്രാവധി ബത്ത(എല്‍ടിസി)ലഭിക്കുന്നവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
എല്‍ടിസി  ലഭിക്കുന്നവര്‍ക്ക് പണം ലഭ്യമാകാന്‍ നിരവധി നൂലാമാലകള്‍ കടക്കേണ്ടതുണ്ട്. എന്നാല്‍ ഒഡേപെക് വഴിയുള്ള യാത്രകള്‍ക്ക് മുന്‍കൂറായി പകുതി പണം നല്‍കിയാല്‍ മതി. ശേഷിക്കുന്ന തുകയ്ക്ക് ഗഡുക്കളായുള്ള ചെക്കുകള്‍ നല്‍കാം. ഒഡേപെക് വഴി യാത്ര പോകുന്ന മറ്റു സഞ്ചാരികള്‍ പണം പൂര്‍ണമായും ആദ്യം തന്നെ അടയ്ക്കണം.

പദ്ധതിയുടെയും നവീകരിച്ച പോര്‍ട്ടലിന്റെയും ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. വിദേശ രാജ്യങ്ങളിലെ തൊഴില്‍ സാധ്യത പ്രയോജനപ്പെടുത്തി തൊഴില്‍ അന്വേഷകരെ ഇടനിലക്കാരുടെ തട്ടിപ്പില്‍ നിന്നും രക്ഷിക്കുകയാണ് ഒഡേപെക്കിന്റെ ദൌത്യമെന്ന് മന്ത്രി പറഞ്ഞു.
കുവൈറ്റും ഖത്തറും ഒഡേപെക് വഴി റിക്രൂട്ട്മെന്റ് നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. ഗള്‍ഫ് നാടുകള്‍ക്ക് പുറമേ യുകെ, ജര്‍മനി, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും റിക്രൂട്മെന്റ്റ് നടത്തുന്നുണ്ട്. ഫീസ്‌ കുറവായിട്ടും പ്രതിവര്‍ഷം നാനൂറു പേരെ റിക്രൂട്ട് ചെയ്യാനേ ഒഡേപെക്കിന് കഴിയുന്നുള്ളൂ. ഇത് ആയിരം ആക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എംഡി ശ്രീറാം വെങ്കിട്ടരാമന്‍, ചെയര്‍മാന്‍ ശശിധരന്‍ നായര്‍, ജിഎം സജു, തോമസ്‌ കുക്ക് ഇന്ത്യ അസോസിയേറ്റ് വൈസ് പ്രസിഡന്റ് സന്തോഷ്‌ ഖന്ന എന്നിവര്‍ സംസാരിച്ചു.