Kerala

വനിതാ ഹോട്ടലുമായി കെ ടി ഡിസി

 
തിരുവനന്തപുരം:ഇന്ത്യയിലാദ്യമായി  സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന സര്‍ക്കാര്‍ ഹോട്ടല്‍ പദ്ധതിയായ  കെടിഡിസി (സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പറേഷന്‍) ‘ഹോസ്റ്റസ്’ ടൂറിസം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

 

സംസ്ഥാന വികസന ചരിത്രത്തിലെ നാഴികകല്ലായ കേരളത്തിലെ ഹോസ്റ്റസ് പദ്ധതി സ്ത്രീസുരക്ഷ  വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കു മാതൃകയാണെന്നും ആറ് മാസത്തിനുള്ളില്‍ ഇത്  പ്രവര്‍ത്തന സജ്ജമാക്കുമെന്നും  തമ്പാനൂര്‍ കെടിഡിഎഫ്സി കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു.
 
ഈ സര്‍ക്കാര്‍ വിനോദസഞ്ചാരമേഖലയ്ക്കും കെടിഡിസിയ്ക്കും പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. കന്യാകുമാരിയില്‍ 42 മുറികളുള്ള ഹോട്ടല്‍ നിര്‍മ്മിക്കുന്നതിന്  17.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തമിഴ്നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.
മുഴുപ്പിലങ്ങാട് ബീച്ചിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 39.6 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. വിനോദ സഞ്ചാരകേന്ദ്ര വികസനത്തിലൂടെ കുമരകം വാട്ടര്‍ സ്കേപ്പിന്  7.69 കോടിരൂപയും കോവളത്തെ സമുദ്ര ഹോട്ടലിനും മൂന്നാറിലെ ടീ കൗണ്ടിക്കുമായി  ഓരോ കോടി രൂപ വീതവും  തേക്കടി വികസനത്തിന്  2.6 കോടിരൂപയും പൊന്‍മുടിയിലെ കോട്ടേജുകളുടെ നവീകരണത്തിനായി 3.1 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 
രാജ്യത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍തലത്തില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഹോട്ടല്‍ സംരംഭം നടപ്പിലാക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു. സ്ത്രീശാക്തീകരണവും ലക്ഷ്യമിടുന്ന ഹോസ്റ്റസ് സുഖസൗകര്യങ്ങള്‍ക്കു പുറമേ സുരക്ഷിതത്വത്തിനു പ്രാമുഖ്യം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
തീര്‍ഥാടനമടക്കം വിവിധ ആവശ്യങ്ങള്‍ക്ക് തലസ്ഥാന നഗരിയില്‍ എത്തിച്ചേരുന്ന കൗമാര പ്രായക്കാരേയും സ്ത്രീകളേയും  ലക്ഷ്യമിടുന്ന  ഹോട്ടല്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും ബസ് ടെര്‍മിനലിനും ഏറ്റവുമടുത്താണ്.  
 
പരിപൂര്‍ണ സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി ലോകോത്തര നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ഹോട്ടലില്‍ 22 മുറികളും ഒരേസമയം 28 പേര്‍ക്കുപയോഗിക്കാവുന്ന  രണ്ടു  ഡോര്‍മിറ്ററികളും സജ്ജീകരിക്കും. ഒരു മുറിക്ക് പ്രതിദിനം  1500 രൂപയും ഡോര്‍മിറ്ററിയ്ക്ക് 4 മണിക്കൂറിലേയ്ക്ക്  500 രൂപയുമാണ് വാടക. ഇവര്‍ക്ക് പ്രഭാത ഭക്ഷണം സൗജന്യമായിരിക്കും. തലസ്ഥാന നഗരിയില്‍ എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക്  സുരക്ഷിതമായി നിര്‍ഭയം താമസിക്കാന്‍ ‘ഹോസ്റ്റസ്’ പര്യാപ്തമാണ്. 
അസമയത്തും തമ്പാനൂര്‍ ബസ് ടെര്‍മിനലിലും റെയില്‍വെ സ്റ്റേഷനിലും ഒറ്റയ്ക്കെത്തുന്ന സ്ത്രീകള്‍ക്ക് ഏതാനും ചുവടുകള്‍ വച്ചാല്‍ ഹോസ്റ്റസിലെത്താനാവുമെന്നതുകൊണ്ടുതന്നെ രാത്രി സഞ്ചാരം വേണ്ടിവരുന്നില്ല. എത്ര വൈകിയും തലസ്ഥാനത്തെത്തുന്ന സ്ത്രീകള്‍ക്ക് താമസത്തിനും നല്ല ഭക്ഷണത്തിനും ആശ്രയിക്കാവുന്ന ഇടമാണ് ഹോസ്റ്റസ്.
 
ലോക്കര്‍ സൗകര്യം, ചെക്ക് ഇന്‍- ചെക്ക് ഔട്ട് ഉള്‍പ്പെടെ നവീന സാങ്കേതികവിദ്യയിലൂന്നിയ അത്യാധുനികസൗകര്യങ്ങള്‍, ലോണ്‍ഡ്രി, ഫിറ്റ്നസ്, മൈക്രോവേവ് ഓവന്‍ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാകുന്ന ഹോട്ടലില്‍ സ്ത്രീകള്‍ മാത്രമായിരിക്കും ജീവനക്കാര്‍. 
 
 വി.എസ്. ശിവകുമാര്‍ എംഎല്‍എ, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ , കെടിഡിസി എംഡി  രാഹുല്‍ ആര്‍ ഐആര്‍എസ്, കെടിഡിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.പി കൃഷ്ണകുമാര്‍, കെടിഎം മുന്‍ പ്രസിഡന്‍റ്  ഇഎം നജീബ്, വാര്‍ഡ് കൗണ്‍സിലര്‍  എംവി ജയലക്ഷ്മി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.