News

നിസാൻ കേരളത്തിലേക്ക് വന്നവഴി; ഭിന്നത മറന്ന് കൈകോർത്താൽ കേരളം സ്വർഗമാക്കാം

ആഗോള വാഹന നിർമാതാക്കളായ നിസാൻ അവരുടെ ഡിജിറ്റൽ ഹബ്ബിനു കേരളത്തെ തെരഞ്ഞെടുത്തത് വെറുതെയല്ല. മൂവായിരം പേർക്ക് പ്രത്യക്ഷത്തിലും അതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന നിസാൻ ഡിജിറ്റൽ ഹബ്ബിനെ ഇവിടേയ്ക്ക് എത്തിക്കാൻ കഠിന പരിശ്രമം തന്നെ വേണ്ടി വന്നു. സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി ആഞ്ഞുപിടിച്ചപ്പോൾ അത് ചരിത്രമായി.ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദി മിന്റ്’ ദിനപത്രമാണ് നിസാനെ കേരളത്തിലെത്തിച്ച സംഭവം വിവരിച്ചത്.

 Nisan Digital

എട്ടുമാസം, ആറ് മീറ്റിങ്ങുകൾ. വീട്ടിലുണ്ടാക്കിയ മീൻ കറി ജപ്പാൻ സംഘത്തിന് വിളമ്പി മുഖ്യമന്ത്രി പിണറായി വിജയൻ. അവരോട് മലയാളി മഹത്വം വിളമ്പി വാക്ചാതുരിയിൽ മയക്കി ശശി തരൂർ. ആഗോള മുൻനിര കാർ നിർമാതാക്കളായ നിസാന്റെ ഡിജിറ്റൽ ഹബ് തിരുവനന്തപുരത്തു കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളിൽ ചിലതു മാത്രമാണ് ഇത്. ശ്രമങ്ങൾക്കൊടുവിൽ പോയ വാരം നിസാൻ കരാറൊപ്പിട്ടു.

നിസാനുമായുള്ള കരാർ വരാനിരിക്കുന്ന സംരംഭത്തിന്റെ വലുപ്പം കൊണ്ട് മാത്രമല്ല പ്രധാനമാകുന്നത്. മറ്റു ഘടകങ്ങൾ കൊണ്ട് കൂടിയാണ് .

സമരങ്ങളുടെ പറുദീസയായ കേരളം നിക്ഷേപ സൗഹൃദമല്ലന്ന അപഖ്യാതി നിലനിൽക്കുന്നതിനിടെയാണ് ബഹുരാഷ്ട്ര കമ്പനിക്ക് കേരളത്തിലെ മാർക്സിസ്റ്റ് സർക്കാർ ചുവപ്പു പരവതാനി വിരിക്കുന്നത്.

ഏഴുവർഷം മുൻപ് വന്ന അമേരിക്കയിലെ ഒറാക്കിൾ  ആണ് അവസാനം കേരളത്തിലെത്തിയ ബഹുരാഷ്ട്ര കമ്പനി. അതിനും മുൻപ് കൊക്കക്കോളയെ പരിസ്ഥിതി പ്രശ്നം ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നും പടിയടച്ചിരുന്നു.

നിസാനു പിന്നാലെ മൈക്രോസോഫ്റ്റും മഹീന്ദ്രയുമൊക്കെ കേരളത്തിൽ നിക്ഷേപത്തിന് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതെന്തുമാകട്ടെ നമുക്ക് നിസാനെ കേരളത്തിലെത്തിച്ച ആ സംഭവങ്ങളിലേക്ക് കടക്കാം.

Related image

കഴിഞ്ഞ ക്രിസ്മസ് രാവിലായിരുന്നു തുടക്കം. അന്ന് ഐടി രംഗത്തെ തിരുവനന്തപുരത്തുകാരായ ചിലർ ചേർന്ന് നിസാൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആന്റണി തോമസിനായി അത്താഴവിരുന്നു നൽകുന്നു. ഈ വിരുന്നിലാണ് നിസാൻ ഹബിനെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ആശയം മൊട്ടിടുന്നത്.ശക്തമായ സമ്മർദം ഉണ്ടെങ്കിൽ നിസാനെ കേരളത്തിൽ എത്തിക്കാമെന്ന് ആന്റണി തോമസ് വിരുന്നിനിടെ പറഞ്ഞു. എന്നാൽ സ്ഥലം നൽകൽ വൈകാൻ പാടില്ല. നിസാൻ ഡിജിറ്റൽ ഹബ്ബിനായി സ്ഥലം തേടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്റണി തോമസിന് തിരുവനന്തപുരം അപരിചിതമല്ല. ഇവിടെയാണ് അദ്ദേഹം പഠിച്ചത്. പഠനകാലത്ത് ഇടതുപക്ഷ വിദ്യാർഥിസംഘടനയിൽ സജീവവുമായിരുന്നു.

അന്ന് അത്താഴവിരുന്നിനുണ്ടായിരുന്നവർ നിസാൻ സ്ഥലം തേടുന്ന കാര്യം മുഖ്യമന്ത്രിയേയും ശശി തരൂരിനെയും അറിയിച്ചു. ഇരുവരും നിസാന് വെവ്വേറെ കത്തയച്ചു. മകന്റെ പത്താംക്ലാസ് പരീക്ഷയ്ക്ക് നാട്ടിലെത്തിയ തോമസുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തി. എങ്കിലും ആശങ്ക ബാക്കിയായിരുന്നു. നഗരത്തിലെ ഒരു കോളജിലെ വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിലൂടെ നിസാന് സ്ഥലം തെരയുന്ന സംഘവുമായി സംസാരിച്ചതോടെയാണ് പ്രതീക്ഷകൾക്ക് ചിറകു മുളച്ചത്. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മുന്നേറ്റങ്ങളെക്കുറിച്ചു ഫ്രാൻസുകാരനായ നിസാൻ മേധാവിയോട് ഒരു മണിക്കൂറിലേറെ തരൂർ ഫ്രഞ്ചിൽ സംസാരിച്ചതും കാര്യങ്ങൾ അനുകൂലമാക്കാൻ ഇടയാക്കി.ഓപ്പണിംഗ് ബാറ്സ്മാൻ സെഞ്ച്വറി അടിച്ചതിനു തുല്യമെന്നാണ് ഇതിനെ അന്ന് ചർച്ചയിൽ പങ്കെടുത്ത ഒരാൾ വിശേഷിപ്പിച്ചത്.

 Nisan Digital

വൈകാതെ കേരള ഇന്നൊവേഷൻ കൗൺസിൽ മേധാവി കെഎം എബ്രഹാമും മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഐടി സെക്രട്ടറിയുമായ എം ശിവശങ്കരനും ജപ്പാനിലെ യോക്കോഹാമയിലുള്ള നിസാൻ ആസ്ഥാനത്തേക്ക് വിമാനം കയറി. നിസാന്റെ ക്ഷണപ്രകാരമായിരുന്നു യാത്ര. മാർച്ച് 24നു നിസാൻ 9 അംഗ നേതൃസംഘത്തെ തിരുവനന്തപുരത്തേക്ക് അയച്ചു. പേപ്പർ ജോലികളില് പുരോഗതി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി.( ആഴ്ച തോറും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്കരൻ പ്രധാന പദ്ധതികളുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാറുണ്ട്)

പ്രഖ്യാപനത്തിലേക്കു കാര്യങ്ങൾ എത്തുന്നത് മുഖ്യമന്ത്രി ജപ്പാൻ സംഘത്തെ വീട്ടിലേക്കു ക്ഷണിച്ചതോടെയാണ്. സദ്യയിൽ വിളമ്പിയ മീൻകറി രുചിയിൽ കേമമായിരുന്നു. തലേന്ന് രാത്രിയാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തോട് ജപ്പാൻ സംഘവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചു പറഞ്ഞത്. കണ്ണന്താനം വിമാനം കയറി രാവിലെ പ്രാതൽ കൂടിക്കാഴ്ച്ചക്കെത്തി. പ്രതിപക്ഷവും ഈ പദ്ധതിക്ക് അനുകൂലമെന്ന് നിസാൻ പ്രതിനിധികൾക്ക് ബോധ്യമായി. അന്ന് തന്നെ ശശി തരൂർ ഉച്ചഭക്ഷണ വിരുന്നും ഒരുക്കി.

നിരവധി ഘടകങ്ങൾ കൂടി കണക്കിലെടുത്തപ്പോൾ തിരുവനന്തപുരത്തിന് നിസാൻ പച്ചക്കൊടി കാട്ടി.