Kerala

മലബാറിന്റെ സ്വന്തം ഗവി; വയലട

മലബാറിന്റെ ഗവിയായ വയലടയിലെ ‘റൂറല്‍ ടൂറിസം വയലട ഹില്‍സ് ‘ പദ്ധതിയും വന്നതോടെ കേരളത്തിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറാനുള്ള ഒരുക്കത്തിലാണ് വയലട. ആരെയും മോഹിപ്പിക്കുന്ന പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ നിത്യഹരിതവനപ്രദേശം ഒട്ടും ദൂരമല്ല. അമ്പരപ്പിക്കുന്ന കാഴ്ചകള്‍ക്ക് കണ്ണുകളെ തയ്യാറാക്കി യാത്ര ആരംഭിക്കാം. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിലധികം ഉയരത്തിലാണ് വയലടമല സ്ഥിതിചെയ്യുന്നത്.

കക്കയം ഡാമില്‍ നിന്നും വൈദ്യുതി ആവശ്യത്തിനുപയോഗിച്ച ശേഷം പുറത്തേക്കൊഴുകുന്ന വെള്ളപ്പാച്ചിലും അതിനെചുറ്റി കിടക്കുന്ന കാടിന്റെ മനോഹാരിതയും മറ്റൊരു കാഴ്ചയാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന ആളുകള്‍ക്കൊപ്പം കല്ല്യാണ ആല്‍ബങ്ങള്‍ ഷൂട്ട് ചെയ്യാനും, ഹണിമൂണ്‍ ആഘോഷിക്കാനുമായി എത്തുന്ന നവദമ്പതികളും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം വിഷുവിന് പൂജ നടക്കുന്ന ഒരുകാവും ഈ മലയിലുണ്ട്. മുള്ളന്‍ പറക്കുമുകളില്‍ നിന്ന് പേരാമ്പ്ര, കക്കയം, കൂരാച്ചുണ്ട് തുടങ്ങിയ ടൗണ് പ്രദേശങ്ങളും ഇവിടെ നിന്നും കാണാം.

കാഴ്ചയുടെ വ്യത്യസ്തമായ അനുഭവം നല്കുന്ന, പ്രകൃതിതമണീയത തൊട്ടറിയുന്ന കോഴിക്കോടിന്റെ ഗവിയെന്ന വയലടയെ അറിയുന്നവര് ഇവുടത്തെ സ്ഥിരം അതിഥികളാണ്. അന്യസംസ്ഥാനക്കാര്‍ വരെ ഇവിടത്തെക്കുറിച്ച് അറിഞ്ഞ് ധാരാളമായി വയലടയിലേക്ക് എത്തുന്നു, പ്രത്യേകിച്ച് തമിഴ്‌നാട്ടില്നിന്നും. വയലടയും അവിടയുള്ള മുള്ളന്‍പാറയും സഞ്ചാരികള്ക്ക് ഇത്രയും ഇഷ്ട്‌പ്പെടാന്‍ കാരണം അവിടുത്തെ പ്രകൃതിഭംഗിയും കാലാവസ്ഥയും കൊണ്ട് തന്നെ.

അത് അവിടെയെത്തിയാല് നമുക്ക് ബോധ്യമാകും. നഗരങ്ങളിലെ കാഴ്ചകള്‍ മടുത്ത് പ്രകൃതിയോട് അടുക്കാനുള്ള ആളുകളുടെ തിക്കും, തിരക്കും ആവേശവുമാണ് ഏത് സമയവും അവിടെ. വന്നവര്‍ വീണ്ടും വീണ്ടും വയലടയിലേക്ക് വരുന്നു, എത്ര കണ്ടാലും അനുഭവിച്ചാലും നിര്‍വജിക്കാനാകാത്ത അനുഭൂതിയാണ് അവിടം നമുക്ക് സമ്മാനിക്കുക. കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്നും വളരെയടുത്താണ് വയലട. ബാലുശ്ശേരിയില്‍ നിന്നും അവിടേക്ക് എപ്പോഴും ബസ്സ് സര്‍വ്വീസുകള്‍ നടത്തുന്നു.

അടുത്തക്കാലത്തായി തലയാട് വയലട പാത നിര്‍മ്മാണം പൂര്‍ത്തിയായതോടെ ആ മാര്‍ഗവും ഇവിടേക്ക് എളുപ്പമെത്താന്‍ സാധിക്കും. ഏറ്റവും രസകരമായ യാത്ര ബാലുശ്ശേരിയില്‍ നിന്ന് വരുന്നതാണ്. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയുമുള്ള മലമ്പാതകള്‍. പാതയുടെ ഇരുവശത്തും കൊക്കകളും മലയിടുക്കുകളും അതിനിടയിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവികളും കാണാം. ചില പ്രദേശങ്ങളില്‍ തെയില, റബ്ബര്‍ പോലുള്ള കൃഷികളുമുണ്ട്. വയലട മലനിരയില്‍ ഏറ്റവും ഉയരമുള്ള കോട്ടക്കുന്ന് മലയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയും അവിടത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

വയലടയിലെ മുള്ളന്‍പാറയും പ്രസിദ്ധമാണ്. പേരു സൂചിപ്പിക്കുന്നത് പോലെതന്നെ മുള്ളുകള്‍ നിറഞ്ഞ പാതയാണ് മുള്ളന്‍പാറയിലേത്. അവിടേക്ക് നടന്ന് വേണം കയറാന്‍. ആ യാത്ര സഞ്ചാരികള്‍ക്ക് എന്നും അവിസ്മരണീയമായിരിക്കും. കുത്തനെയുള്ള മലകയറി ഒടുവില്‍ ചെന്നെത്തുന്നത്ത് മുള്ളുകള്‍ പുതച്ച പറയുടെ മുകളിലാണ്. മുള്ളന്‍പാറയില്‍ നിന്ന് നോക്കിയാല്‍ കക്കയ ഡാം കാണാം. വൈദുതി ഉല്പാദനത്തിനു ശേഷം ഡാമില് നിന്നും പുറത്തേക്കു വിടുന്ന വെള്ളവും വെള്ളപ്പാച്ചിലിനെച്ചുറ്റി നില്‍ക്കുന്ന കാടും ഒരു പ്രത്യേക കാഴ്ച തന്നെയാണ്.

ആകാശ നീലിമയും കാട്ടുപച്ചയും നീരുറവകളും സംഗമിക്കുന്ന വയലടയുടെ ദൃശ്യങ്ങള്‍ കണ്ണിന് കുളിര്‍മയേകുന്നകാഴ്ചകള്‍ സമ്മാനിക്കുന്നു. ഊട്ടിയ്ക്കും കൊടൈക്കനാലിനും ഒപ്പമെത്തില്ലെങ്കിലും അവയുടെയൊക്കെ ചെറിയൊരു പതിപ്പാണ് വയലട എന്ന് പറയാം. വയലടയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയുമാണ് വിനോദസഞ്ചാരികളെ അവിടേക്ക് ആകര്ഷിക്കുന്നത്. മലമുകളില് നിന്ന് ഒഴുകിയെത്തുന്ന നീരുറവയും തട്ടുകളായുള്ള മലയും വയലടയുടെ പ്രത്യേകതയാണ്.

പ്രകൃതിയുടെ മായക്കാഴ്ചകള്‍ തേടി പോകുന്ന യാത്രികര്‍ക്ക് തീര്‍ച്ചയായും തെരെഞ്ഞെടുക്കാവുന്ന സ്ഥലമാണ് വയലട. എത്തിച്ചേരേണ്ട വിധം കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ നിന്നും 12 കി.മീ അകലെയാണ് വയലട. മൗണ്ട് വയലട വ്യൂ പോയന്റ്, ഐലന്റ് വ്യൂ മുള്ളന്‍പാറ, കോട്ടക്കുന്ന് വ്യൂ പോയന്റ് എന്നീ മുനമ്പുകള്‍ പ്രകൃതിയുടെ അവിസ്മരണീയമായ കാഴ്ചയൊരുക്കുന്നു. കോഴിക്കോട് നഗരത്തില്‍ നിന്നും ബാലുശ്ശേരിയിലേക്ക് 25 കി.മീ. കൊയിലാണ്ടിയില്‍ നിന്നും 20 കി.മീ