Kerala

മുഴക്കുന്ന് ഒരുങ്ങുന്നു പാഷന്‍ ഫ്രൂട്ട് ഗ്രാമമാകാന്‍

പാഷന്‍ ഫ്രൂട്ട് ഗ്രാമമാകാന്‍ ഒരുങ്ങി മുഴക്കുന്ന് പഞ്ചായത്തും. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പാഷന്‍ ഫ്രൂട്ട് ഗ്രാമം പദ്ധതിയില്‍ തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തുകള്‍ക്കു പുറമെ മുഴക്കുന്നിനെയും തിരഞ്ഞെടുത്തു.

നാളിതുവരെ ഒരു കാര്‍ഷിക വിളയായി പരിഗണിക്കാതിരിക്കുകയും കേവലം കൗതുകത്തിനു വേണ്ടി മാത്രം വളര്‍ത്തുകയും പോഷക മൂല്യം തിരിച്ചറിയാതെ പാഴാക്കി കളയുകയും ചെയ്തിരുന്ന പാഷന്‍ ഫ്രൂട്ടിന്റെ സാധ്യതകള്‍ കര്‍ഷകര്‍ക്കു പകര്‍ന്നു നല്‍കുകയും വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അവസരമൊരുക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കുടുംബശ്രീ അംഗങ്ങളായ കര്‍ഷകര്‍, വനിതാ ഗ്രൂപ്പുകള്‍, ജെഎല്‍ജി ഗ്രൂപ്പുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി ചെയ്ത് മാതൃകാ തോട്ടമൊരുക്കുവാന്‍ തയാറാകുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. രണ്ടായിരത്തോളം തൈകളാണ് ആദ്യഘട്ടത്തില്‍ എത്തിച്ചിട്ടുള്ളത്.