Middle East

കൂടുതല്‍ സര്‍വീസുകളുമായി സലാം എയര്‍

ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സര്‍വിസുകള്‍ വിപുലീകരിക്കുന്നു. നാലു പുതിയ റൂട്ടുകളിലേക്ക് സര്‍വിസ് ആരംഭിക്കാന്‍ സലാം എയറിന് അനുമതി നല്‍കിയതായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു.

അബൂദബി, കുവൈത്ത്, ഖാര്‍ത്തൂം, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ തുടങ്ങുക. സലാല-അബൂദബി റൂട്ടില്‍ മൂന്നു പ്രതിവാര സര്‍വിസുകളാകും ഉണ്ടാവുക. ആഗസ്റ്റ് മൂന്നു മുതല്‍ ഇത് ആരംഭിക്കും. സെപ്റ്റംബര്‍ ആദ്യം മുതല്‍ മസ്കത്തില്‍ നിന്നാണ്   മറ്റുള്ളവ നടത്തുക. കുവൈത്തിലേക്ക് അഞ്ചും ഖാര്‍ത്തൂമിലേക്ക് മൂന്നും കാഠ്മണ്ഡുവിലേക്ക് നാലും പ്രതിവാര സര്‍വിസുകളാണ് ഉണ്ടാവുക. സര്‍വിസ് വിപുലീകരണത്തിന്റെ
ഭാഗമായി ആറ് എയര്‍ബസ് എ 320നിയോ വിമാനങ്ങള്‍ കൂടി സ്വന്തമാക്കാന്‍ സലാം എയര്‍ അടുത്തിടെ ധാരണയില്‍ എത്തിയിരുന്നു.

ഇതില്‍ ഒരു വിമാനം ഈ വര്‍ഷം അവസാന പാദത്തിലും അഞ്ചു വിമാനങ്ങള്‍ അടുത്ത വര്‍ഷം ആദ്യ പാദത്തിലുമാകും സലാം എയര്‍ നിരയിലേക്ക് എത്തുക. പുതിയ വിമാനങ്ങള്‍ കൂടി എത്തുന്നതോടെ സര്‍വിസുകള്‍ 27 ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് അറിയിച്ചിരുന്നു. നിലവില്‍ മൂന്നു വിമാനങ്ങളാണ് സലാം എയറിന് ഉള്ളത്. പുതുതായി ആരംഭിച്ച ജോര്‍ജിയ, അസര്‍ബൈജാന്‍ അടക്കം 15 ഇടങ്ങളിലേക്കാണ് കമ്പനി നിലവില്‍ സര്‍വിസ് നടത്തുന്നത്.

സര്‍വിസുകള്‍ വിപുലീകരിക്കുന്നത് ടൂറിസം മേഖലക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. കുറഞ്ഞ ചെലവില്‍ യാത്ര നടത്താന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ സലാം എയര്‍ സര്‍വിസുകള്‍ കൂടുതലായി ഉപയോഗപ്പെടുത്തും.

ഉദ്ഘാടനത്തിന് ഒരുങ്ങുന്ന കണ്ണൂര്‍ വിമാനത്താവളം അടക്കം ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുള്ള സര്‍വിസുകളും സലാം എയറിന്റെ ആലോചനയിലുണ്ട്. ഇന്ത്യന്‍ അധികൃതരില്‍നിന്ന് അനുമതി ലഭിക്കുന്ന മുറക്ക് സര്‍വിസുകള്‍ ആരംഭിക്കുമെന്ന് സലാം എയര്‍ നേരത്തേ അറിയിച്ചിരുന്നു.