Middle East

പുരസ്‌ക്കാരത്തിലേക്ക് പറന്നുയര്‍ന്ന് ഖത്തര്‍ എയര്‍വേസ്

ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് വിമാനത്തിനുള്ള സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ പുരസ്‌കാരം ഖത്തര്‍ എയര്‍വേസിന്. ആറാം തവണയും തുടര്‍ച്ചയായ മൂന്നാം തവണയുമാണു ഖത്തര്‍ എയര്‍വേസ് ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതുള്‍പ്പെടെ നാലു പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേസ് നേടിയത്. മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ് സീറ്റ്, മികച്ച ഫസ്റ്റ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ച് എന്നിവയാണ് മറ്റു പുരസ്‌കാരങ്ങള്‍.

ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍, ഹമദ് രാജ്യാന്തര വിമാനത്താവളം സിഒഒ ബദ്ര്‍ മുഹമ്മദ് അല്‍ മീര്‍ എന്നിവര്‍ ചേര്‍ന്നു പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈനായി തുടര്‍ച്ചയായ അഞ്ചാം തവണയും മികച്ച ഫസ്റ്റ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ചായി തുടര്‍ച്ചയായ രണ്ടാം തവണയുമാണു ഖത്തര്‍ എയര്‍വേസ് തിരഞ്ഞെടുക്കപ്പെടുന്നത്. ക്യുസ്വീറ്റിനാണു മികച്ച ബിസിനസ് ക്ലാസ് സീറ്റെന്ന പുരസ്‌കാരം ലഭിച്ചത്.

വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഖത്തര്‍ എയര്‍വേസ് എത്ര മുന്നോട്ടു പോയിയെന്നു വ്യക്തമാക്കുന്നതാണ് ഈ പുരസ്‌കാരങ്ങളെന്ന് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. 20 വര്‍ഷത്തിനുള്ളില്‍ ഖത്തര്‍ എയര്‍വേസ് ആഗോള എയര്‍ലൈനായി വളര്‍ന്നു. ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കാനും നൂതനാശയങ്ങള്‍ നടപ്പാക്കാനും ഖത്തര്‍ എയര്‍വേസ് പ്രതിജ്ഞാബദ്ധമാണെന്നും അല്‍ ബേക്കര്‍ പറഞ്ഞു.