Kerala

പ്രജ്വലിന്റെ യാത്രയ്ക്ക് അക്ഷരം സാക്ഷി

ഇഷ്ടമുള്ള സ്ഥങ്ങളിലേക്ക് സോളോ ട്രിപ്പ് പോകുക അതാണ് ഇപ്പോഴത്തെ യുവതയുടെ ട്രെന്‍ഡ്. എന്നാല്‍ പ്രജ്വല്‍ എന്ന കൊച്ചിക്കാരന്‍ യാത്ര പോകുന്നത് ചുമ്മാതങ്ങ് സ്ഥലങ്ങള്‍ കണ്ട് മടങ്ങാനല്ല. യാത്ര ചെയ്യാനുള്ള താത്പര്യവും നല്ല കൈയക്ഷരവും കൂട്ടിചേര്‍ത്ത് വേറിട്ട ചിത്രമൊരുക്കുകയാണ് ഈ യുവാവ്. ഇഷ്ടം തോന്നുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് ആ സ്ഥലത്തിന്റെ പേരെഴുതി സെല്‍ഫിയെടുക്കലാണ് പ്രജ്വലിന്റെ ഹോബി.

Pic Courtesy: Prajwal Xavier

പറഞ്ഞു പരിചയിച്ച സ്ഥലങ്ങള്‍ ഭംഗിയുള്ള വടിവൊത്ത അക്ഷരങ്ങളില്‍ നമ്മുടെ മുന്‍പിലെത്തുമ്പോള്‍ ആ സ്ഥലങ്ങള്‍ കാണാതെ കണ്ട ഫീലാണ് വരുന്നത്. വരാനിരിക്കുന്ന ഓരോ ഫ്രെയിമുകളും ആ നാടിന്റെ തനത് ഭംഗിലാണ് ഈ യുവാവ് അവതരിപ്പിക്കുന്നത്.

Pic Courtesy: Prajwal Xavier

ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡിങ്ങാണ് പ്രജ്വലിന്റെ അക്ഷരങ്ങള്‍. യാത്ര ചെയ്ത ഇടങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ ടൈറ്റില്‍ പോലെ പ്രജ്വല്‍ എഴുതും. പ്രജ്വല്‍ തനിച്ചാണ് യാത്രകള്‍ പോകാറ്. ആസ്വദിക്കാന്‍ ഏറെ സമയം കിട്ടുന്നതാണ് ഒറ്റയ്ക്കുള്ള യാത്രയുടെ ത്രില്‍. എഴുതാന്‍ എപ്പോള്‍ തോന്നുന്നവോ അതു കഫറ്റേരിയാണെങ്കിലും മിസ്സാക്കില്ല പ്രജ്വല്‍.

Pic Courtesy : Prajwal Xavier

ഒരു നാടിന്റെ വാതില്‍ തുറക്കുന്ന സീനാണ് പ്രജ്വലിന്റെ ഫോട്ടോകള്‍. ആ സീരീസില്‍ ആദ്യ ചിത്രം ബെംഗളൂരൂവിലെ ലാല്‍ ബാഗില്‍ തുടങ്ങുന്നു. ബെംഗളൂരുവിന്റെ സ്പന്ദനം മൊത്ത വ്യാപാരം ചെയ്യുന്ന സ്ഥലമാണ് ലാല്‍ ബാഗ്. സായാഹ്നങ്ങളില്‍ ലാല്‍ ബാഗ് ‘മിനി ഇന്ത്യ’യായി മാറും. മഷിയില്‍ പേന മുക്കി പ്രജ്വല്‍ അവിടെയിരുന്ന് എഴുതി – ലാല്‍ ബാഗ്.

ആ കടലാസു കഷണം കയ്യില്‍പ്പിടിച്ചൊരു സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാമിലിട്ടു. സുഹൃത്തുക്കള്‍ ലൈക്കടിച്ചു, കമന്റുകള്‍ പ്രവഹിച്ചു… ആ വഴിയിലൂടെ യാത്ര തുടരാമെന്ന് പ്രജ്വല്‍ ഉറപ്പിച്ചു. പ്രജ്വലിന്റെ ‘സോളോ ട്രാവലു’കള്‍ ടൈപ്പോഗ്രഫിയുമായി ഇണങ്ങി. ചെന്നൈ, മഹാബലിപുരം, മിഠായിത്തെരുവ്, ജൂത സിനഗോഗ്… ദക്ഷിണേന്ത്യയിലൂടെ അക്ഷരങ്ങള്‍ അങ്ങനെ ഓടിത്തുടങ്ങി.