News

ഛത്രപതി ശിവാജി പ്രതിമയുടെ ഉയരത്തില്‍ മാറ്റം

അറബിക്കടലില്‍ ഉയരുന്ന ഛത്രപതി ശിവാജിയുടെ പ്രതിമയുടെ ഉയരത്തില്‍ ഭേദഗതി വരുത്തുന്നു. ശിവാജിയുടെ രൂപം, കുതിര, വാള്‍, അതു നില്‍ക്കുന്ന പ്ലാറ്റ്‌ഫോം എന്നിവ അടങ്ങുന്ന പ്രതിമയുടെ ആകെ ഉയരം 212 മീറ്ററാണ്. ഇതില്‍ കുതിരയും ശിവാജിയുടെ പ്രതിമയും വാളും വരുന്ന ഭാഗം 121.2 മീറ്റര്‍ ഉയരം വരും. വാളിന്റെ ഉയരം 38 മീറ്ററും പ്രതിമയുടെ ഉയരം 83.2 മീറ്ററുമായാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി പ്രതിമയുടെ ഉയരം കുറയ്ക്കുകയും വാളിന്റെ നീളം കൂട്ടുകയും ചെയ്യാനാണു തീരുമാനം.


എന്നാല്‍, ഇതുവഴി പ്രതിമയും വാളും ചേര്‍ന്നുള്ള ആകെ ഉയരത്തില്‍ മാറ്റമുണ്ടാകുന്നില്ല. അത് 121.2 മീറ്റര്‍ തന്നെയായിരിക്കും. പ്രതിമയും വാളും ചേര്‍ന്നുള്ള 121.2 മീറ്ററിനു പുറമെ അതു സ്ഥിതി െചയ്യുന്ന പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂടി വരുമ്പോഴാണ് ആകെ ഉയരം 212 മീറ്ററാവുന്നത്. നേരത്തേ, ആകെ ഉയരം 210 മീറ്ററാണു നിശ്ചയിച്ചിരുന്നതെങ്കിലും രണ്ടു മീറ്റര്‍ കൂടി ഉയര്‍ത്തി ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി മാറ്റുകയാണു ലക്ഷ്യം.

ആഴക്കടലില്‍ പ്രത്യേക ദ്വീപ് പോലെ ക്രമീകരിച്ച് നാലു വശവും ശിവാജിയുടെ കോട്ടയെ അനുസ്മരിപ്പിക്കുന്ന മതില്‍ തീര്‍ത്താണ് അതിനകത്ത് പ്രതിമ സ്ഥാപിക്കുന്നത്. സന്ദര്‍ശക ജെട്ടി, സന്ദര്‍ശകരുടെ വിശ്രമകേന്ദ്രം, മ്യൂസിയം, ആര്‍ട് ഗാലറി, ഭക്ഷണശാല, കാഴ്ചഗാലറി എന്നിവയും ഇവിടെയുണ്ടാകും. പ്രതിമ നിര്‍മാണത്തില്‍ മാറ്റം വരുത്തുന്നതിലൂടെ നിര്‍മാണച്ചെലവു കുറയ്ക്കാനും സര്‍ക്കാരിനു പദ്ധതിയുണ്ട്