News

റെയില്‍വേ എസി കോച്ചുകളിലെ ബെഡ് റോള്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു

എസി കോച്ചുകളിലെ യാത്രയ്ക്ക് ഇനി ചെലവേറും. എസി ട്രെയിനുകളിലും, എസി കോച്ചുകളിലും നിലവില്‍ നല്‍കുന്ന ബെഡ് റോള്‍ കിറ്റുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. സാധാരണക്കാരന് എസി കോച്ചുകളിലെ യാത്ര സാധ്യമാക്കാന്‍ വേണ്ടി ആരംഭിച്ച ഗരീബ് രഥ്, തുരന്തോ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാകും.

കഴിഞ്ഞ 12 വര്‍ഷമായി ട്രെയിന്‍ യാത്രാ നിരക്കിന് ആനുപാതികമായി എന്തുകൊണ്ട് ബെഡ് റോള്‍ കിറ്റുകളുടെ ചാര്‍ജ് വര്‍ധന ഉണ്ടായില്ലായെന്ന കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) ചോദ്യത്തെ തുടര്‍ന്നാണ് നിരക്ക് വര്‍ധനയ്ക്ക് റെയില്‍വേ തയ്യാറാകുന്നത്. ബെഡ് റോള്‍ കിറ്റിന്റെ ചാര്‍ജ് ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശവും സിഎജി മുന്നോട്ട് വെയ്ക്കുന്നുണ്ട്.

എസി കോച്ചുകളില്‍ നിലവില്‍ 25 രൂപയാണ് ബെഡ് റോള്‍ കിറ്റിന് ഈടാക്കുന്നത്. ഗരീബ് രഥ്, തുരന്തോ ട്രെയിനുകളൊഴികെയുളളവയില്‍ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തിയാണ് ബെഡ് റോള്‍ കിറ്റുകള്‍ ഇപ്പോള്‍ നല്‍കുന്നത്.

ബെഡ് റോള്‍ കിറ്റ് സര്‍വീസിന്റെ ചിലവ് കണക്കാക്കുമ്പോള്‍ ഇപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുന്ന പൈസയ്ക്ക് നല്‍കാന്‍ സാധിക്കില്ലായെന്നും കാലോചിതമായ നിരക്ക് വര്‍ധന അനിവാര്യമാണെന്നും സി എ ജി.

സി എ ജിയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും, എല്ലാ കാലത്തും ഒരേ നിരക്കില്‍ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കില്ലായെന്നും, ഗരീബ് രഥ് അടക്കമുള്ള ട്രെയിനുകളിലെ ബെഡ് റോള്‍ സര്‍വീസിനുള്ള ചാര്‍ജ് പുതുക്കി നിശ്ചയിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.