India

അഭിമന്യു സഞ്ചരിക്കുകയാണ് വലിയ ലക്ഷ്യങ്ങളുമായി

പ്ലാസ്റ്റിക്കിന്‍റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്നതിനായി അഭിമന്യു ചക്രവര്‍ത്തിയെന്ന യുവാവ് ഇതുവരെ സഞ്ചരിച്ചത് അഞ്ച് രാജ്യങ്ങളിലാണ്. ദില്ലിയിലുള്ള ഈ മുപ്പത്തിയൊന്നുകാരന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. സ്പെയിനിലെ ഒരു ബീച്ചില്‍ ചത്തടിഞ്ഞ പത്തടി നീളമുള്ള തിമിംഗലത്തിന്‍റെ വയറ്റില്‍ നിന്ന് 29 കിലോയോളം പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയ വാര്‍ത്തയാണ് ചക്രവര്‍ത്തിയുടെ ഈ ബോധവല്‍ക്കരണക്യാമ്പയിന് തുടക്കമായത്.

ബോധവല്‍ക്കരണത്തിനായി തിരഞ്ഞെടുക്കാനുള്ള വഴിയെ കുറിച്ച് അപ്പോഴും ധാരണയുണ്ടായിരുന്നില്ല. യാദൃശ്ചികമായാണ്, മൂന്ന് സാധാരണക്കാരായ സ്ത്രീകള്‍ അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ 3000 മൈല്‍ സഞ്ചരിച്ച വാര്‍ത്ത അറിയുന്നത്. സാധാരണക്കാരായ മനുഷ്യര്‍ക്ക് അസാധാരണമായ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് തോന്നിയ അഭിമന്യു ചക്രവര്‍ത്തി തന്‍റെ യാത്ര തുടങ്ങാന്‍ തീരുമാനിച്ചു. പിന്നീട്, മോട്ടോര്‍ബൈക്കില്‍, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ യാത്ര തുടങ്ങി. മ്യാന്‍മര്‍, ലാവോസ്, കമ്പോഡിയ, തായ് ലാന്‍റ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. മൂന്നുമാസത്തിനുള്ളിലാണ് ഈ രാജ്യങ്ങളിലെ യാത്ര പൂര്‍ത്തിയാക്കിയത്. പ്ലാസ്റ്റിക്കിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യവുമായി ജനങ്ങളോടും സര്‍ക്കാരിനോടും സംഘടനകളോടുമെല്ലാം സംസാരിച്ചു.

എന്തുകൊണ്ടാണ് ഈ രാജ്യങ്ങള്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനും അഭിമന്യുവിന്‍റെ കയ്യില്‍ മറുപടിയുണ്ട്. വിയറ്റ്നാം, ലാവോസ്, കമ്പോഡിയ, മ്യാന്‍മര്‍, ഇന്തോനേഷ്യ, ഫിലിപ്പിന്‍സ്, ചൈന എന്നിവടങ്ങളില്‍ നിന്നായി 60 ശതമാനത്തോളം പ്ലാസ്റ്റിക്കുകള്‍ കടലിലെറിയുന്നുണ്ട്. യാത്രയില്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഫലവത്തായി സംസ്കരിക്കുന്നതിനെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ശേഖരിക്കാനും നല്‍കാനും അഭിമന്യു തീരുമാനിച്ചിരുന്നു.

ഇന്ത്യന്‍ മാലിന്യ സംസ്കരണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും മറ്റും ബോധ്യപ്പെടുത്താന്‍ എന്‍.ജി.ഒ സംഘടിപ്പിച്ച പരിശീലനങ്ങളിലും, സമുദ്രതീരശുചീകരണത്തിലുമെല്ലാം പങ്കാളിയാകുന്നുണ്ട് അഭിമന്യു.

യാത്രയ്ക്കുള്ള തുക നല്‍കി അഭിമന്യുവിനെ സഹായിക്കുന്നത് വിവിധ സ്പോണ്‍സര്‍മാരാണ്. അതില്‍ വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്.

ഒരു കുഞ്ഞു പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പോലും കുറക്കണമെന്നും അങ്ങനെ മാത്രമേ ലോകം നേരിടുന്ന വലിയൊരു പ്ലാസ്റ്റിക് വിപത്തില്‍ നിന്നും രക്ഷനേടാന്‍ പറ്റുവെന്നുമാണ് അഭിമന്യുവിന് ഓരോരുത്തരോടും പറയാനുള്ളത്.