Kerala

വയനാട് ചുരത്തിലെ ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കി

 

വയനാട് ചുരം വഴി യാത്ര വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു. കാലവര്‍ഷത്തിന് ശക്തി കുറഞ്ഞ സാഹചര്യത്തിലാണിത്.

ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പടെ എല്ലാ യാത്ര വാഹനങ്ങള്‍ക്കും ചുരം വഴി പോകാം.എന്നാല്‍ ചരക്ക് വാഹനങ്ങള്‍ക്കുള്ള ഗതാഗത നിരോധനം തുടരും കാലവര്‍ഷത്തില്‍ ചുരം റോഡില്‍ മണ്ണിടിഞ്ഞതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യുന്നതിന് താമരശേരി താലൂക്ക് ഓഫീസില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ,പൊതുമരാമത്ത് ദേശീയ പാത വിഭാഗം, റവന്യു തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നാണ് ഗതാഗത നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്.