Kerala

പാപനാശം ക്ലിഫുകള്‍ ശാസ്ത്രീയ പഠനസംഘം സന്ദര്‍ശിച്ചു

ലോക ശ്രദ്ധനേടിയ ക്ലിഫുകളില്‍ ഒന്നായ പാപനാശം ക്ലിഫുകള്‍ ഉന്നതതല ശാസ്ത്രീയ പഠനസംഘം സന്ദര്‍ശിച്ചു. വളരെ മനോഹരമായ ചെങ്കല്‍ കുന്നുകളാണ് ഇവിടത്തെ പ്രത്യേകത.
ഉദ്ദേശം 23 ദശലക്ഷം വര്‍ഷം പഴക്കമുളള കുന്നുകളുടെ ഉയരമാണ് വിദേശികളെയും സ്വദേശികളെയും ഏറെ ആകര്‍ഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുന്നുകള്‍ക്ക് ബലക്ഷയം സംഭവിച്ച് അടര്‍ന്ന് താഴേക്ക് വീഴുകയാണ്.


പാപനാശം കുന്നുകള്‍ തകര്‍ച്ചാഭീഷണി നേരിടുന്നത് സംബന്ധിച്ചും ശാസ്ത്രീയമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും വി ജോയി എംഎല്‍എ കേന്ദ്ര ഏജന്‍സിയായ സെസിന് കത്ത് നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായി കുന്നുകളുടെ സംരക്ഷണം ഉറപ്പാക്കാനും യുനസ്‌കോ പൈതൃക പട്ടികയില്‍ പാപനാശം കുന്നുകളെ ഉള്‍പ്പെടുത്താനുമുളള നടപടിയുടെ ഭാഗമായാണ് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ശാസ്ത്രജ്ഞരടക്കമുളളവര്‍ പാപനാശം കുന്നുകള്‍ സന്ദര്‍ശിക്കാന്‍ വെളളിയാഴ്ച എത്തിയത്.

പതിനാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുളള കുന്നുകള്‍ ഹെലിപ്പാഡ്, ഓടയം, ചിലക്കൂര്‍ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്നു.
സിആര്‍ ഇസഡ് നിയമം പാലിക്കണമെന്നും കുന്നുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും സംഘം നിര്‍ദേശിച്ചു.


ഗവ. ഓഫ് ഇന്ത്യ സെക്രട്ടറി ഡോ. എം രാജീവന്‍നായര്‍, കലക്ടര്‍ ഡോ.കെ വാസുകി, വിവിഡ് കോര്‍പറേഷന്‍ എംഡി വി രാമചന്ദ്രന്‍പോറ്റി, വി ജോയി എംഎല്‍എ, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സന്‍, ബിന്ദു ഹരിദാസ്, ചെന്നൈ സെസ് ഡയറക്ടര്‍ ഡോ.രമണ മൂര്‍ത്തി, ആക്കുളം ഡയറക്ടര്‍ ഓഫ് സെസ് ഡോ.പൂര്‍ണചന്ദ്രറാവു, ശാസ്ത്രജ്ഞരായ ഡോ.ഷീലാനായര്‍, ടി എന്‍ പ്രകാശ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.