News

മതം ഒഴിവാക്കി; കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷനിൽ ഇനി മതമില്ലാത്ത മരുന്ന്

പനി ബാധിതയായ അമ്മയെ കാണിക്കാനാണ് ഏതാനും ദിവസം മുൻപ് പീരുമേട് സ്വദേശി സുനിൽ കിടങ്ങൂർ ലൂർദ് മിഷൻ ആശുപത്രിയിലെത്തിയത്. കൗണ്ടറിൽ നിന്നും പൂരിപ്പിക്കാൻ തന്ന ഫോറത്തിൽ മറ്റു വിവരങ്ങൾക്ക് പുറമെ രോഗിയുടെ മതം കൂടി ചോദിച്ചിരിക്കുന്നു. രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിച്ചത് ഹാവെൽസ് വിപണന വിഭാഗത്തിൽ ജോലി ചെയ്യുന്ന സുനിലാണ്. രോഗിയുടെ പേരും സ്ഥലവും വയസും ഫോൺ നമ്പരും ഒക്കെ പൂരിപ്പിച്ച സുനിൽ പക്ഷെ മതം എന്ന് ചോദിച്ചിടത്തു ‘മതം ഇല്ലാത്ത മരുന്നു മതി’ എഴുതുകയായിരുന്നു. മതം എന്നതിന് നേരെ ഏതു മതക്കാരൻ എന്ന് അടയാളപ്പെടുത്താൻ ക്രിസ്ത്യൻ/ ഹിന്ദു/ മുസ്ലിം എന്നും എഴുതിയിരുന്നു.

No automatic alt text available.

വലിയ ചർച്ചയാകുമെന്നോ വൈറലാകുമെന്നോ കരുതാതെ സുനിൽ താൻ പൂരിപ്പിച്ച ഫോമിന്റെ ചിത്രം സുഹൃത്തുക്കളോട് പങ്കുവെച്ചു. പക്ഷെ ഫോമും അതിൽ എഴുതിയതും സോഷ്യൽ മീഡിയ ഏറ്റെടുത്തു.

ഇക്കാര്യം വ്യാപകമായി പ്രചരിച്ചതോടെ ഫോം പിൻവലിച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ. പുതിയ ഫോമിൽ ജാതിയില്ല. നേരത്തെയുണ്ടായിരുന്ന ഫോമിൽ ഇംഗ്ലീഷിൽ ആയിരുന്നു ചോദ്യാവലി. ഇംഗ്ലീഷിൽ എഴുതുന്നതാണ് ഉത്തമം എന്നും അതിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ ഫോം മലയാളത്തിലും ഇംഗ്ലീഷിലുമുണ്ട്.

പുതിയ ഫോം

ഇംഗ്ലീഷിൽ എഴുതുന്നതാണ് ഉത്തമമെന്നു രേഖപ്പെടുത്തിയ മുൻ ഫോമിൽ അക്ഷരതെറ്റുകൾ ഏറെയായിരുന്നു. ഇൻഷുറൻസ്, റിലീജിയൻ എന്നിവയുടെയൊക്കെ അക്ഷരങ്ങൾ തെറ്റിയിരുന്നു.

നാല് വർഷം പഴക്കമുണ്ടായിരുന്ന ഫോം പിൻവലിച്ചു എന്നതല്ലാതെ ഈ സംഭവവുമായി ഫോം മാറ്റത്തിന്  ബന്ധമില്ലന്ന് ആശുപത്രി ജീവനക്കാരൻ ടിബിൻ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വൈറലായതോടെ തന്റെ ഫോണിനും വിശ്രമമില്ലാതായെന്ന് സുനിൽ ടിഎൻഎൽ- നോട് പ്രതികരിച്ചു.