Places to See

കാടും മേടും താണ്ടാന്‍ കല്‍പേശ്വര്‍-രുദ്രനാഥ് ട്രെക്കിങ്

ദുര്‍ഘടം പിടിച്ച കാടും മലയും താണ്ടി ഉയരങ്ങളില്‍ എത്തി നിറഞ്ഞ സന്തോഷത്തോടെ തിരിഞ്ഞ് നോക്കി നില്‍ക്കാനും മുകളില്‍ നിന്നുള്ള താഴ്‌വര കാഴ്ചകള്‍ കാണാനും ഏറെ പ്രിയമാണ് എല്ലാവര്‍ക്കും. ട്രെക്കിങ് ഹരമായി കാണുന്ന സഞ്ചാരികള്‍ക്ക് കണ്ണും പൂട്ടി പോകാന്‍ പറ്റുന്ന ഇടമാണ് കല്‍പേശ്വര്‍-രുദ്രനാഥ്. യാത്രയ്ക്ക് ശേഷം എക്കാലത്തും ഓര്‍മ്മിക്കാന്‍ കഴിയുന്ന നിമിഷങ്ങള് സമാമനിക്കുന്ന ഇടമാണ് കല്‍പേശ്വര്‍-രുദ്രനാഥ്. കാനന പാത താണ്ടിയുള്ള യാത്രയില്‍ സുന്ദരമായ പ്രകൃതി കാഴ്ചകളുമൊക്കെ സഞ്ചാരികളുടെ ഉള്ളു കുളിര്‍പ്പിക്കുമെന്നതില്‍ സംശയമില്ല.

അതിമനോഹരമായ ഒരുപാട് സ്ഥലങ്ങള്‍ ഉള്ള നാടാണ് ഉത്തരാഖണ്ഡ്. കല്‍പേശ്വര്‍ ട്രെക്കിങ് പാത സ്ഥിതി ചെയ്യുന്നതും ഈ നാട്ടില്‍ തന്നെയാണ്. കാട്ടുചെടികളുടെ കൂട്ടങ്ങളും വലിയ വൃക്ഷങ്ങളും പച്ചയണിഞ്ഞ താഴ്വരകളുമൊക്കെയുള്ള ഈ അടവിയാത്ര ഏറെ രസകരമാണ്. ദേവ്ഗ്രാമില്‍ നിന്നും ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് രുദ്രനാഥിലാണ്. യാത്രയുടെ ബേസ് ക്യാമ്പ് ഋഷികേശ് ആണ്. അഞ്ചുദിവസങ്ങള്‍ കൊണ്ടാണ് ഈ ട്രെക്കിങ്ങ് പൂര്‍ത്തിയാകുന്നത്. വേനല്‍ക്കാലമാണ് യാത്രയ്ക്ക് ഏറ്റവും ഉചിതമായ സമയം. ജൂണ്‍ പകുതിവരെ അനുകൂലമായ കാലാവസ്ഥയായിരിക്കും.

ദേവ്ഗ്രാമില്‍ നിന്നുള്ള യാത്രയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ബേസ് ക്യാമ്പ് ആയ ഹൃഷികേശില്‍ നിന്നും ഹേലാങ് വരെ 8-9 മണിക്കൂര്‍ യാത്ര വേണ്ടിവരും. അവിടെ എത്തിച്ചേര്‍ന്നതിനു ശേഷം, ഷെയര്‍ ജീപ്പുകളില്‍ കയറി ഉര്‍ഗാം എന്ന സ്ഥലത്തേക്ക്. അവിടെ നിന്നും രണ്ടു കിലോമീറ്ററോളം നടക്കണം. പച്ച നിറത്തെ വാരിയണിഞ്ഞുകൊണ്ട് ഒരുങ്ങി നില്‍ക്കുന്ന പ്രകൃതിയാണ് ഇരുവശങ്ങളിലും. കല്ലുപാകിയ ഒരു മണ്‍പാതയിലൂടെയാണ് യാത്ര ആരംഭിക്കുന്നത്. പോകുന്ന വഴിനീളെ കൃഷിയിടങ്ങളും കര്‍ഷകരുടെ ചെറു വീടുകളും കാണാം. ഹേലാങില്‍ എത്തുമ്പോള്‍ ഏറ്റവും മനോഹരമായ ദൃശ്യം സഞ്ചാരികള്‍ക്കു മുന്നിലേക്ക് ആഗതമാകും. അത് അളകനന്ദ-കല്പഗംഗ നദികളുടെ സംഗമമാണ്. ആദ്യദിവസത്തെ യാത്ര അവിടെ അവസാനിക്കും.

കല്‌പേശ്വറിലേക്കുള്ള രണ്ടാം ദിനം ആരംഭിക്കുന്നത് ഒരു സിമന്റ് പാതയിലൂടെയാണ്. ആ നടത്തത്തില്‍ നിരവധി പാടങ്ങളും കൃഷിയിടങ്ങളും പച്ച വിരിച്ചു നില്‍ക്കുന്ന കാഴ്ച മനസിനെ കുളിരണിയിക്കും. ആ കാഴ്ച്ചകളിലഞ്ഞു കൊണ്ട് യാത്ര തുടരുമ്പോള്‍ ഒരു വെള്ളച്ചാട്ടം കാണാം. കല്പഗംഗയെ കടന്നുവേണം ആ യാത്ര മുന്നോട്ടുപോകാന്‍. അവിടെ ടെന്റ് കെട്ടി താമസിക്കാനുള്ള സൗകര്യങ്ങളുണ്ട്. സഞ്ചാരികള്‍ക്കു വേണമെങ്കില്‍ ഈ നദിക്കരയില്‍ വിശ്രമിക്കാവുന്നതുമാണ്. കുറച്ചു ദൂരം നടന്നു കഴിയുമ്പോള്‍ കല്‍പേശ്വര്‍ പാലം കാണാം. ആ പാലം നടന്നുതീരുന്നിടത്തും നിന്നും പടവുകള്‍ ആരംഭിക്കും. ആ പടവുകള്‍ കല്‍പേശ്വര്‍ ക്ഷേത്രത്തിലേക്കുള്ളതാണ്. നിറയെ പക്ഷികളെയും പൂക്കളെയുമൊക്കെ ഈ യാത്രയില്‍ സഞ്ചാരികള്‍ക്ക് കാണുവാന്‍ കഴിയുന്നതാണ്.

യാത്രയിലുടനീളം മനോഹരമായ ഗ്രാമങ്ങളും ഉരുളക്കിഴങ്ങും രാജ്മ പയറും വിളഞ്ഞു നില്‍ക്കുന്ന ഗ്രാമീണരുടെ കൃഷിഭൂമികളും കാണാവുന്നതാണ്. നടത്തം തുടരുമ്പോള്‍, ബന്‍സ എന്ന് പേരുള്ള ഒരു ഗ്രാമത്തില്‍ എത്തിച്ചേരും. ഉര്‍വശി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്. ഇതിനു സമീപത്തിലൂടെ ഒരു അരുവി കടന്നുപോകുന്നുണ്ട്. ശുദ്ധമായ തണുത്തജലം യാത്രികരുടെ ക്ഷീണത്തെ പാടേയകറ്റും. ഇവിടെ നിന്നും പത്തു കിലോമീറ്റര്‍ മാറിയാണ് ബന്‍സിനാരായണ്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യാത്ര ഇനി തുടരേണ്ടത് ഒരു വനത്തിലൂടെയാണ്. വളഞ്ഞു പുളഞ്ഞു നീണ്ടുകിടക്കുന്ന ഒരു മണ്പാതയിലൂടെ… യാത്രയുടെ അവസാനം മഹാവിഷ്ണുവിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ബന്‍സിനാരായണ്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. മനോഹരമായ കാട്ടുപൂക്കള്‍ കൊണ്ട് സമ്പന്നമാണ് അവിടം. ഇതുവരെ കാണാത്ത, മണമറിയാത്ത ആകര്‍ഷക വര്‍ണങ്ങളിലുള്ള പുഷ്പങ്ങള്‍ സഞ്ചാരികളുടെ മനസുകവരും. ഇവിടെ നിന്നും നോക്കിയാല്‍ വെള്ളപുതച്ച ഹിമാലയ മലനിരകളായ നന്ദാദേവി, ത്രിശൂല്‍, നന്ദഗുണ്ടി, ദ്രോണഗിരി എന്നീ പര്‍വ്വതങ്ങള്‍ കാണുവാന്‍ സാധിക്കുന്നതാണ്.

നാലാം ദിന യാത്ര ആരംഭിക്കുന്നത് ബന്‍സിനാരായണ്‍ ഗുഹയില്‍ നിന്നുമാണ്. അതിമനോഹരമായ ഒരു ക്യാമ്പ് സൈറ്റ് ആണ് ഈ ഗുഹാപരിസരം. സൂര്യകിരണങ്ങളില്‍ തിളങ്ങുന്ന ഹിമാലയ പര്‍വതത്തെ കണ്ടു കൊണ്ടായിരിക്കും ആ പ്രഭാതത്തിന്റെ ആരംഭം. യാത്ര പിന്നെയും നീളുന്നത് കാട്ടിലെ മണ്പാതയിലൂടെ തന്നെയാണ്.ആ യാത്രയിലും വഴി നിറയെ കാട്ടുപൂക്കള്‍ കാണാവുന്നതാണ്. ഓക്ക് മരങ്ങളെ കടന്നുള്ള ആ യാത്ര അവസാനിക്കുന്നത് അളകനന്ദ മലനിരകളിലാണ്. കാല്‍ഗോട്ട് ഗ്രാമത്തില്‍ അല്പനേരം വിശ്രമിച്ചതിനു ശേഷം യാത്ര പുനരാരംഭിക്കാവുന്നതാണ്. കാല്‍ഗോട്ടില്‍ നിന്നുള്ള യാത്ര ഡുമകിലേക്കാണ്.

ഹിമാലയന്‍ ഗ്രാമങ്ങളുടെ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഒരു ഗ്രാമമാണ് ഡുമക്. മനോഹരമായ നീര്‍ച്ചാലുകളിലെ ജലം ദാഹമകറ്റാന്‍ അത്യുത്തമമാണ്. ഒരു പ്രീപ്രൈമറി സ്‌കൂളിനെ കടന്നു കൊണ്ടാണ് യാത്ര മുന്നോട്ടുനീങ്ങിയത്. പനാര്‍ വഴി ടോലിയിലേക്കാണ് ഇനി പോകേണ്ടത്. മണ്പാതയില്‍ നിന്നും യാത്ര ഇനി സിമന്റ് വഴിയിലൂടെയാണ്. ആ സിമന്റ് പാത അവസാനിക്കുന്നിടത്തു നിന്നും വീണ്ടും മണ്‍പാതയുടെ ആരംഭമാണ്. ആ പോകുന്ന പോക്കില്‍ രുദ്രഗംഗ നദിയും കുറേദൂരം സഞ്ചാരികള്‍ക്കൊപ്പം കൂടും. ടോലി, കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒരു ഭൂമിയാണ്. പച്ചപ്പിന്റെയും ഹരിതാഭയുടെയും കാര്യം പറയുന്ന നമുക്ക് മുമ്പില്‍ ഈ നാട് ശരിക്കും അത്ഭുതമായിരിക്കും. ആടും ആട്ടിടയന്മാരും അവരുടെ ചെറിയ താമസ സ്ഥലങ്ങളുമൊക്കെ ഈ പ്രദേശത്തു കാണാന്‍ സാധിക്കും.

ലക്ഷ്യത്തിലേക്കു അവിടെ നിന്നും അധിക ദൂരമില്ല. പന്ത്രണ്ട് കിലോമീറ്റര്‍ കൂടി താണ്ടിയാല്‍ രുദ്രനാഥിലെത്തി ചേരാം. പനാറില്‍ നിന്നും രുദ്രനാഥിലേക്കുള്ള പാതയിലെ ഹിമാലയത്തിന്റെ കാഴ്ചകള്‍ അവര്‍ണനീയമാണ്. നാലുഭാഗത്തു നിന്നും മഞ്ഞുവന്നു മൂടും. ഇത്രയും ദിവസത്തെ ക്ഷീണം രുദ്രനാഥിലെ മഞ്ഞിന്റെ കുളിരിനോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ അകന്നു പോകും. ഹിമാലയത്തിന്റെ സമീപകാഴ്ചകളില്‍ മനസുടക്കി എത്രനേരം വേണമെങ്കിലും അവിടെ ചെലവഴിക്കാം. ട്രെക്കിങ് താല്പര്യമുള്ളവര്‍ക്ക് ഏറെ ഇഷ്ടപ്പെടും കല്‌പേശ്വറില്‍ നിന്നും രുദ്രനാഥ് വരെയുള്ള ഈ യാത്ര.