Special

മസാമി എന്ന ഏകാന്തജീവിയുടെ കഥ

മൂന്ന് പതിറ്റാണ്ട് ഒരു മനുഷ്യായിസിന്റെ സുവര്‍ണ്ണ കാലം ഒരുവന്‍ ഏകാന്ത ജീവിതം നയിച്ച കഥയാണിവിടെ പറയുന്നത്. നഗരജീവിതം ഇഷ്ടപെടാത്ത മസാമി സ്വന്തം നാട്ടില്‍ നിന്ന് ഓടിയെത്തിയതാണ് ഈ ദ്വീപില്‍. താന്‍ ആശിച്ച പോലെ തന്നെ ജീവിച്ചു ദ്വീപില്‍. ഒന്നും രണ്ടുമല്ല 30 കൊല്ലം.

എന്നാല്‍, ആരോഗ്യസ്ഥിതി മോശമാണെന്നറിഞ്ഞതിനെത്തുടര്‍ന്ന് മസാമിയെ തിരിച്ചുവിളിച്ചിരിക്കുകയാണ് ജപ്പാനീസ് അധികൃതര്‍. ദ്വീപില്‍ ജീവിക്കാനുള്ള അധികാരവും 82 കാരനായ മസാമിയില്‍ നിന്ന് പിന്‍വലിച്ചു.

ദ്വീപില്‍ തന്നെ മരിക്കാനായിരുന്നു മസാമിയുടെ ആഗ്രഹം. കാരണം മുപ്പതുവര്‍ഷമായി അതാണയാളുടെ വീട്. സൊടോബനാരി എന്ന ദ്വീപിലെ ഒരേയൊരു താമസക്കാരനാണിയാള്‍. 1989 ലാണ് ഇയാള്‍ നാടുവിട്ട് കാട്ടിലേക്ക് വന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവരെ കുറിച്ചെഴുതുന്ന ഒരു സഞ്ചാരിയാണ് ഇദ്ദേഹത്തെ കുറിച്ചെഴുതിയത്. അതിനുശേഷം ഇയാള്‍ ‘നഗ്‌നസന്യാസി’ എന്നറിയപ്പെട്ടുതുടങ്ങി.

ഇപ്പോള്‍, ആ ദ്വീപിലെത്തിയ ഒരാളാണ് മസാമിയെ അവശനായി കണ്ടത്. അയാള്‍ പോലീസിനെ വിളിക്കുകയായിരുന്നു. അതോടെ, പോലീസെത്തി ഇഷിഗാക്കി സിറ്റിയില്‍ നിന്നും 60 കിലോ മീറ്ററകലെയുള്ള ഗവണ്‍മെന്റിന്റെ അധീനതയിലുള്ള വീട്ടിലേക്ക് ഇയാളെ എത്തിക്കുകയുമായിരുന്നു. മസാമിക്ക് പകര്‍ച്ചപ്പനി ഉണ്ടായിരുന്നു. ആരോഗ്യനില കുറച്ചു മെച്ചപ്പെട്ടുവെങ്കിലും, പൂര്‍ണമായും ആരോഗ്യവാനാല്ലാത്തതിനാല്‍ അയാളെ തിരികെ ദ്വീപിലേക്ക് വിട്ടില്ല.

തായ് വാന്റെ അടുത്തുള്ള ദ്വീപാണ് സൊടോബനാരി. സൊടൊബനാരിക്കടുത്ത് ചില മീന്‍പിടിത്തക്കാര്‍ വലയിടാന്‍ പോകുന്നതൊഴിച്ചാല്‍ ആരും പോകാറില്ല. കുടിവെള്ളം ലഭിക്കാറുമില്ല. മസാമി ഇടയ്ക്ക് അടുത്തുള്ള ദ്വീപിലേക്ക് മാത്രം പോകും. വീട്ടുകാര്‍ അയച്ചുകൊടുക്കുന്ന പണമുപയോഗിച്ച് വെള്ളവും ഭക്ഷണസാധനങ്ങളും വാങ്ങും.

കുളിക്കാനും മറ്റുമുള്ള വെള്ളം മഴ പെയ്യുമ്പോള്‍, കലങ്ങളിലൊക്കെ പിടിച്ചുവയ്ക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വലിയൊരു കാറ്റില്‍ വസ്ത്രങ്ങളൊക്കെ നഷ്ടപ്പെട്ടതോടെ അയാള്‍ വസ്ത്രങ്ങള്‍ തന്നെ ഉപേക്ഷിച്ചു. അതിനെക്കുറിച്ച് അയാള്‍ പറയുന്നതിങ്ങനെ. ‘ നാട്ടിലുള്ളവരുടെ ഇയടില്‍ വസ്ത്രം ധരിക്കാതെ നടക്കുന്നത് അംഗീകരിക്കാനാകില്ല. അവര്‍ക്കത് ഉള്‍ക്കൊള്ളാനുമാകില്ല. എന്നാലിവിടെ നഗ്‌നതയാണ് ശരി. കാട്ടിലെ യൂണിഫോം പോലെയാണ് നഗ്‌നത.’

മസാമി രാവിലെ തന്നെ എഴുന്നേറ്റ് താമസിക്കുന്ന സ്ഥലവും മറ്റും വൃത്തിയാക്കും. മറ്റ് ജീവികളൊന്നും ഉപദ്രവക്കാതിരിക്കാനാണിത്. ‘തനിക്ക് ഈ കാട്ടില്‍ തന്നെ മരിക്കാനായിരുന്നു ഇഷ്ടം. മരിക്കാന്‍ ഒരു സ്ഥലം കണ്ടുപിടിക്കുക പ്രധാനമാണ്. ഞാന്‍ അതിനായി കണ്ടുപിടിച്ചത് ഈ കാടാണ്. ആശുപത്രിയിലോ വീട്ടിലോ ഒക്കെയാണെങ്കില്‍ ബന്ധുക്കളാല്‍ ചുറ്റപ്പെട്ടിട്ടാവും മരിക്കുക എന്നാല്‍ ഇവിടെയാവുമ്പോള്‍ പ്രകൃതിയാല്‍ ചുറ്റപ്പെട്ട് മരിക്കാമെന്നും’ ഇയാള്‍ പറഞ്ഞിരുന്നു.