Kerala

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ്ങിനു പുതിയ സൈറ്റ്

കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സൈറ്റ് മുന്‍ കരാറുകാര്‍ അറിയിപ്പിലാതെ സേവനം നിര്‍ത്തിയതോടെ കെഎസ്ആര്‍ടിസി പുതിയ പേരില്‍ വെബ്‌സൈറ്റ് തുടങ്ങി. www.keralartc.in, www.kurtcbooking.com എന്നീ സൈറ്റുകള്‍ വഴിയായിരിക്കും ഇനി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്.

നേരത്തേ, കെല്‍ട്രോണ്‍ വഴി കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കരാര്‍ എടുത്തിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് www.ksrtconline.com എന്ന സൈറ്റിലെ സേവനം നിര്‍ത്തിയത്.

ഓണ്‍ലൈന്‍ റിസര്‍വേഷനുളള കമ്മിഷന്‍ കൂടുതലാണെന്നു ചൂണ്ടിക്കാട്ടി അടുത്തിടെ കെല്‍ട്രോണുമായുള്ള കരാര്‍ കെഎസ്ആര്‍ടിസി അവസാനിപ്പിച്ചിരുന്നു. പുതിയ കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തു.

പുതിയ കമ്പനിയുടേതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ റിസര്‍വേഷന്‍ നടത്താമെന്ന് ഊരാളുങ്കല്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഈടാക്കിയ അമിത തുക തിരികെ നല്‍കണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെടുകയായിരുന്നു.

കരാര്‍ തുടര്‍ന്നു ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഊരാളുങ്കല്‍ വെബ് വിലാസം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന്, ഇന്നലെ പകല്‍ മുഴുവന്‍ കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മുടങ്ങി.