Kerala

യോഗികളുടെ മനം നിറച്ച് തേക്കടി: വരവേറ്റത് വൻ ജനാവലി

കേരളം ലോകത്തിനു കാഴ്ചവെച്ച ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിനെ തേക്കടിയിൽ വരവേറ്റത് ഇവിടുത്തെ ജനത ഒന്നാകെ .

കുമളിയിലെത്തിയ പര്യടന സംഘത്തെ ഗജവീരന്റേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഗ്രീൻവുഡ് റിസോർട്ട് വളപ്പിലേക്ക് സംഘത്തെ ആനയിച്ചു.

തേക്കടി ടൂറിസം കോ – ഓർഡിനേഷൻ കമ്മിറ്റി, തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ടി ഡി പി സി ചെയർമാൻ ബാബു ഏലിയാസ്, ജനറൽ സെക്രട്ടറി ജിജു ജയിംസ് എന്നിവർ നേതൃത്വം നൽകി. വ്യാപാരി വ്യവസായി ഏകോപന സംഘം ഭാരവാഹി ഷിബു എം തോമസ്, ഹോട്ടലുടമാ സംഘം ഭാരവാഹി മുഹമ്മദ് ഷാജി, ഹോം സ്റ്റേ അസോസിയേഷൻ ഭാരവാഹി ജോയി മേക്കുന്നിൽ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

പര്യടന സംഘം പിന്നീട് തേക്കടി പൊയട്രീ സരോവർ പോർട്ടിക്കോയിലേക്ക് പോയി. അവിടെ മുദ്രാ ആയോധന കലാ സംഘം അവതരിപ്പ കളരിപ്പയറ്റ് ശ്വാസമടക്കിപ്പിടിച്ചാണ് വിദേശ യോഗ വിദഗ്ധർ വീക്ഷിച്ചത്.

വരവേൽപ്പും കളരിപ്പയറ്റും അവിസ്മരണീയമെന്നായിരുന്നു ഓസ്ട്രേലിയയിൽ നിന്നെത്തിയ എലിസയുടെ പ്രതികരണം. കളരിപ്പയറ്റ് അഭ്യസിക്കാൻ വീണ്ടും കേരളത്തിലേക്കു വരുമെന്നും എലിസ പറഞ്ഞു.

അതിശയിപ്പിച്ച പ്രകടനമെന്നായിരുന്നു സിംഗപ്പൂരിൽ നിന്നെത്തിയ ആനന്ദ് അങ്കുർ പറഞ്ഞത് . കേരളവും കാലാവസ്ഥയും പ്രകൃതിയും ഏറെ ഇഷ്ടപ്പെട്ടെന്നും രണ്ടാം തവണ കേരളം സന്ദർശിക്കുന്ന ആനന്ദ് പറഞ്ഞു