Kerala

കുട്ടനാടന്‍ കായലില്‍ കെട്ടുവള്ളത്തില്‍ ‘യോഗ സദ്യ’

കുട്ടനാടന്‍ കായല്‍പ്പരപ്പില്‍ യോഗയുടെ അകമ്പടിയില്‍ വിദേശികള്‍ക്ക് സാത്വിക സദ്യ . അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗ അംബാസഡേഴ്‌സ് ടൂറിന്റെ മൂന്നാം ദിനവും വേറിട്ടതായി .

ആലപ്പുഴ ചാന്നങ്കരിയിലെ സപൈസ് റൂട്ട്‌സിന്റെ ഹൗസ് ബോട്ടിലായിരുന്നു ഉച്ചഭക്ഷണം. സ്‌പൈസ് റൂട്ട്‌സ് മാനേജിംഗ് പാര്‍ട്ണര്‍ ജോബിന്‍ ജെ അക്കരക്കളത്തിന്റെ നേതൃത്വത്തില്‍ യോഗ അംബാസിഡര്‍മാരെ വരവേറ്റു.

പഞ്ചനക്ഷത്ര സൗകര്യമുള്ള ഹൗസ് ബോട്ടുകള്‍ യോഗികള്‍ക്ക് വേറിട്ട കാഴ്ചയായി.

തേന്‍ ചാലിച്ച തുളസി ചായയിലും പച്ചക്കറി താളിച്ച സൂപ്പിലുമായിരുന്നു തുടക്കം.കുട്ടനാടന്‍ കായല്‍ കാഴ്ചകളും വെള്ളം നിറഞ്ഞ പാടങ്ങളുമൊക്കെ യോഗാ സഞ്ചാരികളുടെ മനസുണര്‍ത്തി.

കായല്‍ വിഭവങ്ങള്‍ക്കു പേരുകേട്ട കുട്ടനാട്ടില്‍ പക്ഷേ യോഗികള്‍ക്ക് പഥ്യം സസ്യാഹാരമായിരുന്നു. അവരുടെ മനസറിഞ്ഞ വിഭവങ്ങള്‍ സ്‌പൈസ് റൂട്ട്‌സ് തീന്‍മേശയില്‍ നിരത്തി.

സ്‌പൈസ് റൂട്‌സ് റിസോര്‍ട്ട് വളപ്പിലെ പ്ലാവില്‍ നിന്ന് അടര്‍ത്തിയ ചക്ക കൊണ്ടുള്ള പുഴുക്ക്, കപ്പ മസാല കറി, മോരു കാച്ചിയത്, ഇരുമ്പന്‍ പുളി മാങ്ങാ പാല്‍ക്കറി, ഇഞ്ചിപ്പുളി തുടങ്ങി കേരളീയ വിഭവങ്ങള്‍ അടങ്ങിയ ഊണിനു മുന്നില്‍ യോഗാ വിദഗ്ധരുടെ നാവലിഞ്ഞു. ഊണിനു ശേഷം പഴം പാനി കൂടി എത്തിയതോടെ സദ്യ ബഹുകേമമായെന്ന് യോഗികള്‍ സമ്മതിച്ചു.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള മെക്ചാന്‍ വെര്‍ബീക്കിന് ഇന്ത്യയിലേക്ക് ഇതാദ്യ യാത്രയാണ്. കുട്ടനാടും സ്‌പൈസ് റൂട്ട്‌സിന്റെ ഭക്ഷണവും ഹൗസ് ബോട്ട് സവാരിയും വെര്‍ബീക്ക് നന്നായി ആസ്വദിച്ചു. മാംസാഹാരം കഴിക്കാത്ത വെര്‍ബീക്കിന് ഭക്ഷണം ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. എങ്കിലും കാച്ചിയ മോരാണ് ഓസ്‌ട്രേ ലിയന്‍ യോഗ വിദഗ്ധയുടെ നാവ് കീഴടക്കിയത്.

കുട്ടനാടെന്നാല്‍ വ്യത്യസ്ത കായല്‍ വിഭവങ്ങളാണ് ഭക്ഷണപ്രിയരുടെ മനസില്‍ ഓടിയെത്തുന്നത്. കായല്‍ വിഭവങ്ങളുടെ രുചി വൈവിധ്യത്തില്‍ സ്‌പൈസ് റൂട്ട്‌സ് മുന്നിലുമാണ്. എന്നാല്‍ യോഗാ സഞ്ചാരികള്‍ക്ക് കായല്‍ വിഭവം നല്‍കാനാവാത്തതില്‍ മാനേജിംഗ് പാര്‍ട്ണര്‍ ജോബിന്‍ ജെ അക്കരക്കളത്തിന് പരിഭവമില്ല. ‘ യോഗാ വിദഗ്ധര്‍ക്ക് നിര്‍ദേശിച്ചത് മാംസേതര ആഹാരമാണ്. അതു മികച്ച രീതിയില്‍ നല്‍കാനായി എന്നു മാത്രമല്ല പ്രത്യേക സാത്വിക് മെനു വരെ യോഗികള്‍ക്ക് തയ്യാറാക്കിയിരുന്നെന്നും ജോബിന്‍ പറഞ്ഞു.

സ്‌പൈസ് റൂട്‌സില്‍ വന്നവര്‍
അടുത്തിടെ ചാന്നങ്കരി സ്‌പൈസ് റൂട്‌സില്‍ വന്ന പ്രമുഖര്‍ ഇവരാണ്;
കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂം, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവര്‍

സ്‌പൈസ് റൂട്‌സില്‍ പഴം പാനി തയ്യാറാക്കുന്ന വിധം

ചേരുവകള്‍:

ചെറുപഴം (പഴുത്തത്) : 6
മധുരകള്ള്: 1ലിറ്റര്‍
റോസ് വാട്ടര്‍: 5 തുള്ളി
ഏലയ്ക്ക: 5എണ്ണം
വെള്ളം: 100 മില്ലി ലിറ്റര്‍

തയ്യാറാക്കുന്ന വിധം :
നല്ല അടി കട്ടിയുള്ള പാത്രത്തില്‍ മധുര കള്ള് ചൂടാക്കുക ചെറു ചൂടില്‍ വേണം തിളപ്പിക്കേണ്ടത്. മധുര കള്ളിനെ തിളപ്പിക്കാനനുവദിക്കരുത്. ഒരു ലിറ്റര്‍ മധുര കള്ള് ചെറുചൂടില്‍ കുറുക്കി അരലിറ്റര്‍  കണക്കാകുമ്പോള്‍ അതിലേക്ക് ഏലയ്ക്ക ഇടണം. കുറുകിയ പാനീയം നന്നായി തണുത്തതിന് ശേഷം റോസ് വാട്ടര്‍ ചേര്‍ക്കുക.

നല്ല വൃത്തിയുള്ള ചില്ലുപാത്രത്തില്‍ പഴുത്ത ചെറുപഴം അരിഞ്ഞ് ഇടുക അതിന് മുകളിലേക്ക് കുറുകിയ പാനീയം ഒഴിച്ച് സെര്‍വ് ചെയ്യാം.