News

ആഗോള യോഗാ വിദഗ്ധർ കേരളത്തിൽ; ദൈവത്തിന്റെ സ്വന്തം നാട് ഇനി യോഗയുടെയും

ലോകത്തിലെ ആദ്യ യോഗാ ടൂറിന് നാളെ തുടക്കം, വിവിധ രാജ്യങ്ങളിൽ നിന്ന് യോഗാ വിദഗ്ധർ കേരളത്തിൽ

കേരളം ഇനി യോഗയുടെ തലസ്ഥാനം. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ( അറ്റോയ്) ആതിഥ്യമരുളുന്ന ആദ്യ യോഗാ അംബാസഡർ ടൂറിന് നാളെ തിരുവനന്തപുരത്തു തുടക്കം. 22 രാജ്യങ്ങളിൽ നിന്ന് അറുപതിലേറെ യോഗാ വിദഗ്ധർ 21 വരെ നീളുന്ന യോഗാ ടൂറിൽ പങ്കെടുക്കും.
വിവിധ രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരത്തിറങ്ങിയ യോഗാ വിദഗ്ധരെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാർ, ട്രഷറർ പിഎസ് ചന്ദ്രസേനൻ, സിഎസ് വിനോദ്, ജനീഷ് ജലാലുദ്ദീൻ, സഞ്ജീവ് കുമാർ, മനു എന്നിവർ ചേർന്നായിരുന്നു സ്വീകരിച്ചത്.
വിദേശ പ്രതിനിധികൾ താമസിക്കുന്ന കോവളം ലീലാ റാവിസിലും ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. ഹോട്ടൽ മാർക്കറ്റിങ് മാനേജർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഹോട്ടൽ റിസപ്‌ഷൻ ലോബിയിൽ കഥകളിയോടെയോടെയാണ് യോഗാ വിദഗ്ധരെ വരവേറ്റത്.

ജൂൺ 14 മുതൽ രാജ്യാന്തര യോഗാ ദിനമായ 21 വരെയാണ് യോഗാ ടൂർ. തെക്കൻ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംഘം സന്ദർശിക്കും.13 നു വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യോഗാ വിദഗ്ധരെ തിരുവനന്തപുരം വിമാനത്താവളത്തിൽ വരവേൽക്കും. 14 നു രാവിലെ കോവളം ലീലാ റാവിസ് ഹോട്ടലിൽ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക് യോഗാ ടൂർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ശശി തരൂർ എംപി, എം വിൻസന്റ് എംഎൽ എ , ആയുഷ് മന്ത്രാലയ ജോയിൻറ്
സെക്രട്ടറി രഞ്ജിത്ത് കുമാർ,കേരളം ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി ബാലകിരൺ,കെടിഡിസി എംഡി ആർ.രാഹുൽ ,അയാട്ടോ വൈസ് പ്രസിഡൻറ് ഇ എം നജീബ്,കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു,അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാർ, കേരള ടൂറിസം അഡി .ഡയറക്ടർ ജാഫർ മാലിക് എന്നിവർ ആശംസയർപ്പിക്കും.
തുടർന്ന് രാജ്യാന്തര യോഗാ സമ്മേളനം.മംഗളൂരു സർവകലാശാല യോഗാ വിഭാഗം അദ്ധ്യാപകൻ ഡോ .കൃഷ്ണശർമ അധ്യക്ഷനായിരിക്കും.പുരാതന രേഖകളിലെ യോഗയെക്കുറിച്ചു ലോണവാല കൈവല്യ ധർമയിലെ ഡോ . ബിആർ ശർമയും ഹഠ യോഗ പാരമ്പരയെക്കുറിച്ചു ഡോ . യോഗി ശിവനും ദർശനങ്ങളിലെ യോഗയെക്കുറിച്ചു മൈസൂരു മഹാരാജാ സംസ്‌കൃത കോളജ് ന്യായ വിഭാഗം അദ്ധ്യാപകൻ ഡോ ആൾവാറും പ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് 2 നു ‘യോഗയ്ക്ക് പിന്നിലെ ശാസ്ത്രം’ എന്ന വിഷയത്തിൽ സമ്മേളനം. കൈവല്യ ധർമ മുൻ ജോയിന്റ് ഡയറക്ടർ ഡോ . എംവി ഭോലെ അധ്യക്ഷനും ഒല്ലൂർ വിശ്വ യോഗാ കേന്ദ്രത്തിലെ യോഗി ജയദേവൻ ഉപാധ്യക്ഷനുമായിരിക്കും. യോഗയും മാനസിക- നാഡീ പ്രതിരോധവും എന്ന വിഷയത്തിൽ ബംഗളൂരു ഫെയിത്സ് ഡയറക്ടർ ഡോ. കെ വി നവീനും യോഗ ചികിത്സ; തത്വവും പ്രയോഗവും എന്ന വിഷയത്തിൽ പോണ്ടിച്ചേരി സെറ്റർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. മീനാ രാമനാഥനും യോഗയും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ബംഗളൂരു നിംഹാൻസിലെ പ്രൊഫസർ ശിവരാമ വരമ്പള്ളിയും സംസാരിക്കും.തുടർന്ന് സാംസ്കാരിക വിരുന്ന് .

15 നു രാവിലെ സംഘം നെയ്യാർ ശിവാനന്ദ ആശ്രമത്തിലേക്കും പിന്നീട് കന്യാകുമാരിയിലേക്കും പോകും. തിരുവള്ളുവർ പ്രതിമ, വിവേകാനന്ദപ്പാറ എന്നിവിടങ്ങൾ സന്ദർശിച്ചശേഷം സംഘം അന്നു തന്നെ കോവളത്തിനു മടങ്ങും.
16 നു അമൃതാനന്ദമയി ആശ്രമം സന്ദർശിക്കുന്ന സംഘം പിന്നീട് ആലപ്പുഴയിൽ ഹൗസ് ബോട്ട് സവാരി നടത്തും.ഹൗസ് ബോട്ടിൽ സംഘത്തിന് കേരള സദ്യയും ഒരുക്കും. സദ്യയ്ക്ക് ശേഷം സംഘം കുമാരകത്തേക്കു പോകും. ഇവിടെയും സാംസ്കാരിക വിരുന്നുണ്ട്.

17 നു തേക്കടിയിലേക്കാണ് യോഗാ ടൂർ.വൈകിട്ട് താമസ സ്ഥലത്തു കളരിപ്പയറ്റ് അരങ്ങേറും.18 നു ആരണ്യ നിവാസ് സന്ദർശിക്കുന്ന സംഘം ഉച്ചയ്ക്ക് മൂന്നാറിന് തിരിക്കും. വഴിമധ്യേ സുഗന്ധവിള തോട്ടവും സംഘം കാണും.
19നു യോഗയുടെ കേരള ശേഷിപ്പായ മുനിയറകളിലേക്കാണ് യാത്ര. തിരികെ മൂന്നാറിലെത്തുന്ന സംഘത്തിന് മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് സാംസ്കാരിക വിരുന്നും അത്താഴവും ഒരുക്കും.

യോഗാ സംഘം 20നു കൊച്ചിയിലേക്ക് തിരിക്കും.വൈകിട്ട് സംഘത്തിന് കായൽ സവാരി ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര യോഗാ ദിനമായ 21നു രാവിലെ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വിശാല യോഗാ പ്രദർശനം. പിന്നീട് സംഘം ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളിലെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കും. വൈകിട്ട് കേരള വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച്ച.വിദേശ ടിവി ഷോകളിൽ കേരളത്തേയും കേരളീയ രുചികളേയും പരിചയപ്പെടുത്തുന്ന കൊച്ചി സ്വദേശി ഷെഫ് വിസ്മയം ലിറ്റിൽ കിച്ചയെ ആദരിക്കും.തുടർന്ന് പ്രമുഖ ചലച്ചിത്ര താരം നവ്യ നായരും സംഘവും നടത്തുന്ന കലാവിരുന്നോടെ ആദ്യ യോഗാ അംബാസഡർ ടൂറിനു സമാപനമാകും.

ആയുർവേദത്തിനു പിന്നാലേ യോഗാ കേന്ദ്രമാകാൻ കേരളം

കേരളം സന്ദർശിക്കുന്ന സഞ്ചാരികളിൽ മിക്കവരും ആയുർവേദ ചികിത്സക്കും സുഖ ചികിത്സക്കും വരുന്നവരാണ്. അങ്ങനെ ആയുർവേദ ടൂറിസത്തിൻറെ ഇടമായി കേരളം മാറി. ആയുർവേദം മാത്രമല്ല യോഗയുടെയും ഇടമാണ് കേരളം എന്ന് ലോകത്തെ അറിയിക്കുകയാണ് യോഗാ ടൂറിൻറെ ലക്ഷ്യമെന്ന് അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാർ പറഞ്ഞു. യോഗയ്ക്ക് ലോകമെമ്പാടും പ്രചാരം ഏറിവരികയാണ്. ആഗോള തലത്തിൽ തന്നെ ആരോഗ്യ ടൂറിസം വളർച്ചയുടെ പാതയിലാണ്. കേരളവും ഈ രംഗത്തു മുന്നിലുണ്ട്. പ്രകൃതി ഭംഗിയും ശുദ്ധവായുവുമുള്ള കേരളം യോഗാഭ്യാസികളുടെ പ്രിയപ്പെട്ട ഇടമാകും. ഈ നിലയിലുള്ള ആദ്യ ചുവടുവെയ്പ്പാണ് യോഗാടൂർ.
ആയുർവേദ ചികിത്സയ്ക്ക് കേരളത്തിലെമ്പാടും നല്ല ചികിത്സാകേന്ദ്രങ്ങളും റിസോർട്ടുകളും ഉണ്ട്. എന്നാൽ യോഗയുടെ സാധ്യത കേരളത്തിലെ വിനോദ സഞ്ചാര മേഖല ഇതുവരെ വിശദമായി പരിശോധിച്ചിരുന്നില്ല. യോഗാ ടൂറോടെ ഈ സ്ഥിതിക്ക് മാറ്റം വരുമെന്ന് അറ്റോയ് സെക്രട്ടറി വി ശ്രീകുമാർ മേനോൻ പറഞ്ഞു.