News

ഡല്‍ഹിയില്‍ നിന്ന് മീററ്റിലെത്താന്‍ അതിവേഗ തീവണ്ടി വരുന്നു

രാജ്യതലസ്ഥാന നഗരത്തില്‍നിന്ന് ഒരു മണിക്കൂറിനുള്ളില്‍ മീററ്റിലെത്തിക്കുന്ന അതിവേഗ റീജനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) കോറിഡോര്‍ പദ്ധതിക്ക് യുപി സര്‍ക്കാര്‍ അനുമതി നല്‍കി.

ഇരു നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗ ആംഡബര ട്രെയിനുകളാണ് പാളത്തില്‍ എത്തുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ നടപടി ആരംഭിക്കും. പ്രത്യേകം രൂപകല്‍പന ചെയ്ത ട്രെയിന്‍ സംവിധാനമാകും കോറിഡോറിനായി ഉപയോഗിക്കുക. അതിവേഗ ട്രെയിനില്‍ ലക്ഷ്വറി യാത്രാ സൗകര്യങ്ങളാണ് ഒരുക്കുക. വനിതകള്‍ക്കു പ്രത്യേക കോച്ചുണ്ടാകും.

ദേശീയ തലസ്ഥാന റീജനല്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനാണു (എന്‍സിആര്‍ടിസി) പദ്ധതിയുടെ നടത്തിപ്പു ചുമതല. 2024ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. ഡല്‍ഹിയിലെ സരായ് കലേഖാനില്‍നിന്നു മീററ്റിലെ മോദിപുരം വരെയാകും ട്രെയിന്‍ സര്‍വീസ്.

അശോക് നഗര്‍, ആനന്ദ് വിഹാര്‍, ഗാസിയാബാദ്, മോദിനഗര്‍ എന്നീ സ്ഥലങ്ങളിലൂടെയാകും ട്രെയിന്‍ കടന്നുപോകുക. മൊത്തം 24 സ്റ്റേഷനുകളാകും പാതയില്‍. ഇതില്‍ മൂന്നെണ്ണം ഡല്‍ഹിയിലും. 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനാകും പാതയില്‍ ഉപയോഗിക്കുക. എന്നാല്‍ ശരാശരി വേഗം 100 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ആറു കോച്ചുകളാകും ആദ്യ ഘട്ടത്തില്‍. ഒരെണ്ണം ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കു മാത്രമുള്ളതാണ്. ഒരെണ്ണം സ്ത്രീകള്‍ക്കും. സിസിടിവി, വൈഫൈ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ യാത്രക്കാര്‍ക്കായി ഒരുക്കുമെന്നതാണു ട്രെയിന്റെ മറ്റൊരു ആകര്‍ഷണം.

ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കായി സ്റ്റേഷനില്‍ ബിസിനസ് ലൗഞ്ചും ക്രമീകരിക്കും. നിലവില്‍ മണിക്കൂറുകളെടുത്താണു ഡല്‍ഹി-മീററ്റ് 82 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യേണ്ടത്. നിലവിലെ റോഡിലെ കുരുക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹി-മീററ്റ് അതിവേഗ പാതയും നിര്‍മാണത്തിലാണ്. ഇതിന്റെ 8.2 കിലോമീറ്റര്‍ ദൂരം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.