Kerala

ഇനി മഴക്കാഴ്ച്ചകള്‍ കാണാം: മീന്‍മുട്ടി സഞ്ചാരികള്‍ക്കായി തുറന്നു

മഴക്കാലം ആരംഭിച്ചതോടെ ബാണാസുരമലയില്‍ നിന്ന് ഒഴുകുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം സജീവമായി. നീണ്ട മൂന്ന് മാസക്കാലയളവിന് ശേഷമാണ് മീന്‍മുട്ടി ജൂണ്‍ രണ്ടിന് സഞ്ചാരികള്‍ക്കായി തുറന്നത്.


പാറക്കെട്ടുകളില്‍ നിന്ന് നൂറടിയോളം താഴത്തേക്ക് പതഞ്ഞൊഴുകുന്ന കാട്ടരുവിയാണ് മീന്‍മുട്ടി. ബാണാസുര സാഗറിന്റെ വിദൂരക്കാഴ്ച്ചയാണ് സഞ്ചാരികളെ ഇവിടെ കൂടുതല്‍ അടുപ്പിക്കുന്നത്.

മറ്റു വെള്ളച്ചാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മീന്‍മുട്ടി ഇക്കോ ടൂറിസം കേന്ദ്രം. ബാണാസുരസാഗര്‍ അണക്കെട്ടിന്‍ നിന്ന് വിളിപാടകലെയാണ് വെള്ളച്ചാട്ടം. ഏതു സമയത്തും അല്പം മലകയറാന്‍ മനസ്സുള്ളവര്‍ക്ക് ഇവിടെയെത്താം.വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ക്ക് കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയുണ്ട് അധികൃതര്‍.

പരിസ്ഥിതി പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മലനിരകള്‍ കൗതുകമാണ്. നീലഗിരിയില്‍മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരന്‍ കോട്ട. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ചോലവനങ്ങളും ഇന്നും ഇവിടെ തനിമ നിലനിര്‍ത്തുന്നു.

മുതിര്‍ന്നവര്‍ക്ക് ജി.എസ്.ടി. അടക്കം 36 രൂപയാണ് ഇവിടെ പ്രവേശന ഫീസ് ഈടാക്കുന്നത്. കുട്ടികള്‍ക്ക് 18 രൂപയും ക്യാമറാചാര്‍ജായി 89 രൂപയും നല്‍കണം. വിദേശികള്‍ക്ക് 71 രൂപയാണ് എന്‍ട്രന്‍സ് ഫീ.