Kerala

കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് നാളെ മുതല്‍

ബൈവീക്കിലി എകസ്പ്രസായ കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് നാളെ രാവിലെ 10.30ന് കൊച്ചുവേളിയില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ ഉദ്ഘാടനം ചെയ്യും.


ട്രെയിനിന്റെ സ്ഥിരം സര്‍വീസ് മംഗളൂരുവില്‍ നിന്ന് 10നും കൊച്ചുവേളിയില്‍ നിന്നു 14നും ആരംഭിക്കും. കൊച്ചുവേളിയില്‍ നിന്നു വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 9.15ന് മംഗളൂരുവില്‍ എത്തും. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടിനു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും.

ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ട്രെയിനിനു കൊല്ലം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ സ്റ്റോപ്പുകളുണ്ട്. ഉദ്ഘാടന സ്‌പെഷ്യല്‍ ട്രെയിന്‍ ശനിയാഴ്ച്ച രാവിലെ 10.30ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട് രാത്രി 10.45ന് മംഗളൂരുവില്‍ എത്തിച്ചേരും.

റിസര്‍വേഷനില്ലാത്ത പൂര്‍ണമായും അണ്‍റിസര്‍വഡ് കോച്ചുകള്‍ മാത്രമുള്ള അന്ത്യോദയയില്‍ പ്രത്യേക നിരക്കാണ് ഈടാക്കുക. കുഷ്യന്‍ സീറ്റുകളുളള അന്ത്യോദയയില്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കാനായി ഡിസ്‌പെന്‍സറുകളുമുണ്ടാകും. 16 ജനറല്‍ കോച്ചുകളാണു ട്രെയിനിലുള്ളത്.