Short Escapes

ബെംഗളൂരു കാണാം കീശകാലിയാകാതെ

ബെംഗളുരു ആഘോഷങ്ങളുടെ നഗരമാണ്. അടിച്ചുപൊളിച്ചും കാഴ്ചകള്‍ കണ്ടും ഷോപ്പിങ്ങ് നടത്തിയും ഭക്ഷണം കഴിച്ചും ഒക്കെ സമയം ചിലവഴിക്കാവുന്ന മെട്രോ നഗരം. മ്യൂസിക് പാര്‍ട്ടികളോ ഷോപ്പിങ്ങോ, നാടകങ്ങളോ എന്തുമായിക്കോട്ടെ ഇവിടെ അതിനെല്ലാം പറ്റിയ ഇടങ്ങളുണ്ട്. എന്നാല്‍ ഇതെല്ലാം അല്പം പണച്ചെലവേറിയതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. ബെംഗളുരുവില്‍ കുറ്ചിഞലവില്‍ ജീവിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. 200 രൂപയേ ഉള്ളുവെങ്കില്‍ പറയാനും ഇല്ല. എന്നാല്‍ വെറും 200 രൂപയ്ക്ക് ബെംഗളുരു കറങ്ങാനിറങ്ങിയാലോ… ഒന്നും കാണില്ല എന്നതായിരിക്കും ഉത്തരം. പക്ഷേ, കണ്ണൊന്നു തുറന്നു നോക്കിയാല്‍ 200 രൂപയ്ക്കും ഇവിടെ അത്ഭുതങ്ങള്‍ നടക്കും എന്നു മനസ്സിലാക്കാം. ഇതാ 200 രൂപയ്ക്കു താഴെ മാത്രം ചിലവഴിച്ച് ബെംഗളുരുവില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങളും ചെയ്യാന്‍ പറ്റിയ കാര്യങ്ങളും

നടന്നറിയാന്‍ ലാല്‍ബാഗ്

ബെംഗളുരുവിലെ മലയാളികളുടെ ഇഷ്ട ഹാങ്ഔട്ട് കേന്ദ്രങ്ങളിലൊന്നാണ് കാഴ്ചകള്‍ ഒത്തിരിയുള്ള ലാല്‍ബാഗ്. 240 ഏക്കര്‍ സ്ഥലത്ത് നഗരത്തിന്റെ തിരക്കിനിടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒഴിവുസമയങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ്. വിശാലമായി കിടക്കുന്നതിനാല്‍ ആളുകളുടെ ശല്യമില്ലാതെ റിലാക്‌സ് ചെയ്തിരിക്കാനും കഴിയും. കൊതിതീരെ കണ്ടുനടക്കുവാനായി ഒട്ടേറെ വഴികള്‍ ഈ പൂന്തോട്ടത്തിനകത്തുണ്ട്. കൂടാതെ മനോഹരമായ ഒരു തടാകവും ഇതിന്റെ ഉള്ളില്‍ കാണാം. ഒട്ടും മടുക്കാതെ എത്ര നേരം വേണമെങ്കിലും ഇവിടെയിരിക്കുവാന്‍ സാധിക്കും. മാത്രമല്ല, കുട്ടികള്‍ക്കു കളിക്കുവാനായും ധാരാളം സ്ഥലം ഇവിടെയുണ്ട്. വാരാന്ത്യങ്ങള്‍ ചിലവഴിക്കുവാനാണ് കൂടുതലും ആളുകള്‍ ഇവിടെ എത്തുന്നത് ഇവിടേക്കുള്ള പ്രവേശന നിരക്ക് ഒരാള്‍ക്ക് 20 രൂപയാണ്.

വിദ്യാര്‍ഥി ഭവന്‍


ദോശ പഴയ ബെംഗളുരുവിന്റെ കൊതിപ്പിക്കുന്ന രുചികളിലൊന്നാണ് വിദ്യാര്‍ഥി ഭവന്‍ ദോശ. സൗത്ത് ബെംഗളുരുവിലെ ബസവനഗുഡിയില്‍ 1943 ല്‍ സ്ഥാപിതമായ വിദ്യാര്‍ഥി ഭവന്‍ വെജിറ്റോറിയന്‍ റസ്റ്റോറന്റില്‍ ഉണ്ടാക്കുന്ന മസാല ദോശയും സാഗു മസാദ ദോശയും ഇവിടെയുള്ളവര്‍ തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ട ഒന്നുതന്നെയാണ്. രുചികള്‍ ആസ്വദിക്കുന്നവരും തേടിപ്പിടിച്ച് ഭക്ഷണം കഴിക്കുന്നവരുമൊക്കെ ഇത് തീര്‍ച്ചയായും കഴിച്ചിരിക്കണം. ബസവനഗുഡിയില്‍ ഗാന്ധി ബസാറിനു സമീപമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കാഴ്ചയില്‍ ഇത്തിരി പഴമയൊക്കെ ഉണ്ടെങ്കിലും രുചിയുടെ കാര്യത്തില്‍ ഇതിനെ വെല്ലാന്‍ സാധിക്കില്ല എന്നതാണ് സത്യം. ഒരാള്‍ക്കുള്ളചിലവ് 100 രൂപ

വെങ്കട്ടപ്പ ആര്‍ട് ഗാലറി


ബെംഗളുരുവില്‍ കബ്ബണ്‍ പാര്‍ക്കിനു സമീപം ബെംഗളൂര്‍ മ്യൂസിയത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ആര്‍ട് ഗാലറിയാണ് വെങ്കട്ടപ്പ ആര്‍ട് ഗാലറി. കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കലാസ്‌നേഹികള്‍ തേടി വരുന്ന ഇവിടെ വിവിധ മാതൃകയിലുള്ള ഒട്ടേറെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചുണ്ട്. പ്രശസ്ത ചിത്രകാരന്‍മാരുടെ ചിത്രങ്ങളും കലാകാരന്‍മാരുടെ കലാസൃഷ്ടികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

വിധാന്‍സൗധ


ബെംഗളുരുവിന്റെ ഏറ്റവും പ്രശസ്ത ലാന്‍ഡ് മാര്‍ക്കുകളില്‍ ഒന്നാണ് വിധാന്‍ സൗധ. കര്‍ണ്ണാടക സംസ്ഥാനത്തിന്റെ നിയമസഭയും സെക്രട്ടറിയേറ്റും സ്ഥിതി ചെയ്യുന്ന ഇവിടം കബ്ബണ്‍ പാര്‍ക്കിനു സമീപമാണ് ഉള്ളത്. സാംപന്‍ഡി രാമനഗറില്‍ ഡോ. അംബേദ്കര്‍ വീഥിയിലാണ് ആധുനിക കര്‍ണ്ണാടകയുടെ മുഖമുദ്രകളിലൊന്നായ വിധാന്‍ സൗധയുള്ളത്. വിധാന്‍ സൗധയ്ക്ക് എതിര്‍വശത്തായാണ് കര്‍ണ്ണാടക ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്. കര്‍ണ്ണാടക സ്റ്റേറ്റ് ലോണ്‍ ടെന്നീസ് അസോസിയേഷനും ഇതിനടുത്തായാണ് ഉള്ളത്. നഗരമധ്യത്തില്‍ 60 ഏക്കര്‍ സ്ഥലത്തിനുള്ളിലായാണ് നിര്‍മ്മാണത്തിലെ വിസ്മയമായ ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 46 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിധാന്‍ സൗധ ബെംഗളുരുവിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം കൂടിയാണ്

ടിപ്പു സുല്‍ത്താന്‍ പാലസ്


ടിപ്പു സുല്‍ത്താന്റെ ജീവിതത്തെ അടുത്തറിയുവാന്‍ സഹായിക്കുന്ന ഇടമാണ് ടിപ്പു സുല്‍ത്താന്‍ പാലസ്. ബെംഗളൂര്‍ കലാസിപാളയം ഓള്‍ഡ് ബസ് സ്റ്റാന്‍ഡിനു സമീപത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ടിപ്പു സുല്‍ത്താന്റെ സമ്മര്‍ പാലസായിരുന്ന ഇവിടം ഇന്‍ഡോ-ഇസ്ലാമിക് വാസ്തുവിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുഴുവനായു തേക്കു തടിയിലും മനോഹരമായ കൊത്തുപണികളാലും നിര്‍മ്മിച്ചിരിക്കുന്ന ഇവിടം കണ്ടിരിക്കേണ്ട ഒരിടം തന്നെയാണ്.

ചരിത്രത്തിലേക്ക് ചെല്ലാന്‍ ബെംഗളുരു കൊട്ടാരം


ഇംഗ്ലണ്ടിലെ വിന്‍സര്‍ കാസില്‍ പോലെ ബെംഗളുരുവിന്റെ നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ബെംഗളുരു പാലസ് ഒരു മഹാത്ഭുതം തന്നെയാണ്. ജയമഹലിനും സദാശിവ നഗറിനുമിടയില്‍ പാലസ് റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബെംഗളൂര്‍ സെന്‍ട്രല്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന റെവ. ഗാരെറ്റാണ് 1862 ല്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇപ്പോള്‍ മൈസൂര്‍ രാജകുടുംബത്തിന്റെ നിയന്ത്രണത്തിലാണ് കൊട്ടാരമുള്ളത്. ഒട്ടേറെ സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള ഈ കൊട്ടാരത്തിന്റെ പുറത്തേ കാഴ്തകള്‍ മാത്രമല്ല, അകം കാഴ്ചകളും കണ്ടിരിക്കേണ്ടതാണ്. 175 രൂപയാണ് ഇവിടെ ഒരാള്‍ക്കുള്ള പ്രവേശന ചാര്‍ജ്.

നെഹ്‌റു പ്ലാനെറ്റോറിയത്തില്‍ നക്ഷത്രങ്ങളെ കാണാം


ആകാശത്തെ നക്ഷത്രങ്ങളെ കയ്യെത്തും ദൂരത്തില്‍ കാണുവാനും അറിയുവാനും താല്പര്യമുള്ളവര്‍ക്കു പറ്റിയതാണ് . നെഹ്‌റു പ്ലാനെറ്റോറിയം. അല്പം റൊമാന്റിക്കായി ആകാശക്കാഴ്ചകള്‍ കണ്ട് സമയം ചിലവഴിക്കുവാന്‍ ഇതിലും മികച്ച ഒരു ഓപ്ഷന്‍ ബെംഗളുരുവിലില്ല