Kerala

പരിസ്ഥിതി ദിനത്തിൽ ടൂറിസം മേഖലയുടെ സമ്മാനം: മൂന്നാറും തേക്കടിയും ഇനി പ്ലാസ്റ്റിക് വിമുക്തം

ലോക പരിസ്ഥിതി ദിനത്തിൽ കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ പ്ലാസ്റ്റിക് വിമുക്തമായി. മൂന്നാറും തേക്കടിയുമാണ് പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് രക്ഷ നേടുന്നത്. മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്‌സും തേക്കടി ഹോട്ടലിയേഴ്‌സ് അസോസിയേഷനും തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ സൊസൈറ്റിയുമാണ് സുപ്രധാന തീരുമാനത്തിന് പിന്നിൽ.


വര്‍ധിച്ച് വരുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നാം അഭിമാനിക്കുകയാണ് വേണ്ടത് എന്നാല്‍ പ്രകൃതിക്ക് ദോഷം ചെയ്യുന്ന വസ്തുക്കള്‍ വലിച്ചെറിയുന്ന പ്രവര്‍ത്തികള്‍  ഇനി മുതല്‍ തുടരില്ലെന്ന് വിനോദ സഞ്ചാരമേഖലയിലെ ഹോട്ടല്‍ -റിസോര്‍ട്ട് ഓണേഴ്‌സും ജീവനക്കാരും തീരുമാനിക്കുകയായിരുന്നു .

കഴിഞ്ഞ പരിസ്ഥിതി ദിനത്തോടാരംഭിച്ച പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ തുടങ്ങിയതെന്ന് മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് മുൻ പ്രസിഡണ്ട് വിമൽ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ഉപേക്ഷിച്ച് കൊണ്ടായിരുന്നു പ്രകൃതി സംരക്ഷണം ആരംഭിച്ചത്. പരിസ്ഥിതിക്ക് വില്ലനായി നിലകൊള്ളുന്ന വസ്തുക്കളെ പൂര്‍ണമായും ഉപേക്ഷിക്കുക എന്നതാണ് പുതുതായി എടുത്ത തീരുമാനമെന്നും വിമൽ പറഞ്ഞു .


ഇന്ന് മുതല്‍ ഇടുക്കിയിലെ വിനോദ സഞ്ചാര ഇടങ്ങളിലെ മുഴുവന്‍ ഹോട്ടലുകളിലും  പ്ലാസ്റ്റിക്ക് സ്‌ട്രോ ഉപയോഗിക്കില്ലന്നു തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ സൊസൈറ്റി ഭാരവാഹിയും എലിഫന്റ് റൂട്ട് ഡയറക്ടറുമായ ബാബു ഏലിയാസ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പകരം ഭൂമിയിലേക്ക് ഉപയോഗ ശേഷം വലിച്ചെറിയുന്ന സ്‌ട്രോ മൂലമുണ്ടാകുന്ന വിപത്തുകളെക്കുറിച്ച് അതിഥികളെ ബോധവല്‍ക്കരിക്കുന്ന ടെന്റ് കാര്‍ഡുകള്‍ സ്ഥാപിക്കും. നിര്‍ബന്ധമായും സ്‌ട്രോ ആവശ്യപ്പെടുന്നവര്‍ക്ക് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന പേപ്പര്‍ സ്‌ട്രോ കൊടുക്കും.

അതിവിപ്ലവകരമായ തീരുമാനമായിരുന്ന ഹോട്ടല്‍ മേഖലകള്‍ കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ എടുത്തത്. പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികള്‍ക്ക് പകരം ശുദ്ധീകരിച്ച വെള്ളം ചില്ലു കുപ്പികളില്‍ നിറച്ച് അതിഥികള്‍ക്ക് നല്‍കുക എന്നത്. ഈ തീരുമാനം പ്രാവര്‍ത്തികമാക്കിയതോടെ ഒരു വര്‍ഷം പ്രകൃതിയ്ക്ക് അപകടകരമായി മാറിയ പ്ലാസ്റ്റിക്ക് കുപ്പികളുടെ എണ്ണം കുറയ്ക്കുവാന്‍ സാധിച്ചു.

വിനോദ സഞ്ചാര മേഖലകളില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ വീടുകളിലും വ്യാപിപിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് മുക്തമാക്കി പ്രകൃതിയെ സംരംക്ഷിക്കുക എന്നത് നമുക്ക് എല്ലാവര്‍ക്കും സാധിക്കുമെന്ന് ഒരിക്കല്‍ കൂടി മനസ്സിലാക്കുന്ന തീരുമാനമാണ് ടൂറിസം മേഖല ഇതിലൂടെ മുന്നോട്ട് വെയ്ക്കുന്നത്.

ഭാരതത്തിലുടനീളം നൂറില്‍പരം ചരിത്രസ്മാരകങ്ങള്‍ പ്ലാസ്റ്റിക്ക് മുക്തമാക്കാന്‍ തീരുമാനമെടുത്തിടുണ്ട്. താജ് മഹലിൽ പദ്ധതിക്ക് തുടക്കമായി .