News

ഡല്‍ഹിയെ വിനോദസഞ്ചാര സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി

വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ മീഡിയ ഏജന്‍സിയുമായി കൈകോര്‍ക്കുന്നു. ഡല്‍ഹിയെ വിനോദസഞ്ചാര സൗഹൃദ സംസ്ഥാനമായി കൂടുതല്‍പേരിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്ന കമ്പനിയുമായി സഹകരിക്കുന്നത്.

വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള മറ്റു പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. അഞ്ച് ലഘു വീഡിയോദൃശ്യങ്ങളും ആറ് റേഡിയോ ഗാനങ്ങളും പുറത്തിറക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങളും മറ്റും ഉള്‍പ്പെടുത്തി കൈപ്പുസ്തകങ്ങളും ഒരുക്കും. നഗരത്തില്‍ ഒട്ടേറെ ചരിത്രസ്മാരകങ്ങളും മറ്റുമുണ്ടെങ്കിലും കൂടുതല്‍പേരിലേക്ക് ഈ വിവരങ്ങള്‍ എത്തുന്നില്ലെന്നും സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നില്ലെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. ഡല്‍ഹി സുരക്ഷിത നഗരമല്ലെന്ന പ്രചാരണങ്ങളെ നേരിടുകയും വേണം.

വിവിധ മാര്‍ക്കറ്റുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയെല്ലാം വിനോദസഞ്ചാര ശ്യംഖലയില്‍ ഉള്‍പ്പെടുത്തും. ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെയുള്ള പ്രചാരണത്തിനാണു കമ്പനിയെ നിയമിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഈരംഗത്തു നേടിയ വളര്‍ച്ച വിലയിരുത്തിയാണു സംസ്ഥാനവും ഇതേപാത സ്വീകരിക്കുന്നത്.