Middle East

കുവൈത്തില്‍ ഇ-ഡ്രൈവിങ് ലൈസന്‍സ്

കുവൈത്തില്‍ ഇ-ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നിലവില്‍ വന്നു. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ആഭ്യന്തരമന്ത്രാലയം പിആര്‍ ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അണ്ടര്‍സെക്രട്ടറി ലഫ്.ജനറല്‍ മഹ്മൂദ് അല്‍ ദോസരി അറിയിച്ചു.

 

ഇ-ഫോമില്‍ പൂരിപ്പിച്ചുനല്‍കുന്ന വിവരങ്ങള്‍ കാര്‍ഡ് ഉടമയെ സംബന്ധിച്ച സുരക്ഷിത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാകും. വിവിധ ഭാഷകളിലാകും വിവരശേഖരണം. കുവൈത്തിന് പുറത്തും ഉപയോഗിക്കാനാകുംവിധമുള്ളതാകും ലൈസന്‍സ് എന്ന് മന്ത്രാലയത്തിലെ ഗതാഗതവിഭാഗം പരിശീലനകേന്ദ്രം മേധാവി കേണല്‍ സാലിം അല്‍ അജ്മി അറിയിച്ചു. രാജ്യാന്തര നിലവാരം അനുസരിച്ചുള്ളതാകും പുതിയ ഇലക്ട്രോണിക് ഡ്രൈവിങ് ലൈസന്‍സ്.

ഇതേ സംവിധാനത്തിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവിലുള്ള മിക്ക രാജ്യങ്ങളിലും ഈ ലൈസന്‍സ് ഉപയോഗിക്കാനാകും. അതേസമയം ഗതാഗത നീക്കം നിരീക്ഷിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 പുതിയ ക്യാമറകള്‍ സ്ഥാപിച്ചു.

റോഡുകളിലും ഇന്റര്‍സെക്ഷ നുകളിലും ഡ്രൈവര്‍മാര്‍ വരുത്തുന്ന നിയമലംഘനങ്ങള്‍ ക്യാമറ പിടിച്ചെടുക്കും. സോളര്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചില മൊബൈല്‍ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. വ്യത്യസ്ത സ്ഥലങ്ങളിലാകും അവ ഉപയോഗിക്കുക. 20 ഇടങ്ങളില്‍ ഡിജിറ്റല്‍ ഡയറക്ഷന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതായും അണ്ടര്‍സെക്രട്ടറി അറിയിച്ചു.