News

ടിക്കറ്റ് ഉറപ്പിക്കാമോ? സാധ്യത റെയില്‍വേ പ്രവചിക്കും

യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ വെയിറ്റിങ് ലിസ്റ്റിലാണെങ്കിലും ടിക്കറ്റ് കണ്‌ഫോമാകുമോ ഇല്ലയോ എന്നതിന്റെ സാധ്യതയും ഇനി റെയില്‍വേ തന്നെ നല്‍കും. കണ്‍ഫോം ആകാനുള്ള സാധ്യത എത്ര ശതമാനമാണ് എന്ന് അറിയാനുള്ള അല്‍ഗരിതവും ബുക്കിങ് സൈറ്റില്‍ തന്നെ റെയില്‍വേ ഉള്‍പ്പെടുത്തി.


അതായത് ഇനി ടിക്കറ്റ് കണ്‍ഫോം ആകാനുള്ള സാധ്യത കണക്കിലാക്കി ബുക്ക് ചെയ്യാനുള്ള സൗകര്യം ഐ ആര്‍ സി ടി സിയുടെ പരിക്ഷ്‌ക്കരിച്ച വെബ് സൈറ്റില്‍ ഉണ്ടാവും.

സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത പുതിയ അല്‍ഗരിതം ഉപയോഗിച്ചാണ് ടിക്കറ്റ് കണ്‍ഫോമാകാന്‍ എത്രത്തോളം സാധ്യതയുണ്ടെന്ന് കണക്കാക്കുന്നത്.

ടിക്കറ്റ് ബുക്കിങ്ങിന്റെ രീതികള്‍ വിശകലനം ചെയ്ത് ഇത്തരത്തില്‍ സാധ്യത പ്രവചിക്കുന്ന രീതി റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ ആശയത്തിലൂടെയാണ് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് യാഥാര്‍ഥ്യമാക്കിയത്.

പുതുക്കിയ വെബ്‌സൈറ്റിലൂടെ വളരെ ലളിതമായി ട്രെയിന്‍ വിവരങ്ങള്‍ കണ്ട്്പിടിക്കാം. ട്രെയിന്‍ വിവരങ്ങള്‍ പരിശോധിക്കാനായി ലോഗിന്‍ ചെയ്യേണ്ട എന്നതും പുതിയ സവിശേഷതയാണ്.

നിലവിലെ പരിഷ്‌ക്കരിച്ച രീതി പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മാത്രം ലോഗിന്‍ ചെയ്താല്‍ മതി. മുമ്പ് ലോഗിന്‍ ചെയ്യ്താല്‍ മാത്രമേ പോകേണ്ട സ്ഥലത്തേക്കുള്ള ട്രെയിനുകളുടെ വിവരങ്ങള്‍ അടക്കം ലഭിക്കുമായിരുന്നുള്ളൂ.


വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നേരത്തെ തന്നെ വിവരങ്ങള്‍ പൂരിപ്പിച്ച് വെക്കാമുള്ള സൗകര്യവും പുതിയ വെബ്സൈറ്റിലുണ്ട്. ആറ് ബാങ്കുകളുടെ അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തി വെയ്ക്കാം. ഇതിനായി മൈ പ്രൊഫൈല്‍ എന്നൊരു ഭാഗവുമുണ്ട്.

ടിക്കറ്റ് ബുക്കിങ്, കാന്‍സലേഷന്‍, പ്രിന്റിങ്, മെസേജ് സൗകര്യം, വികല്‍പ് സംവിധാനം ഉപയോഗിക്കാനുള്ള സൗകര്യം തുടങ്ങിയവും പഴയതുപോലെ ഉപയോഗിക്കാനാകും.

റെയില്‍വേ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണ് പുതിയ പരിഷ്‌കാരങ്ങള്‍. പുതിയ സൗകര്യങ്ങള്‍ ചേര്‍ത്ത് ഐര്‍ഐസിടിസി വെബ്സൈറ്റ് നവീകരിച്ചു. ഐ ആര്‍ സി ടി സി വെബ്‌സൈറ്റിന്റെ മുകളില്‍ ഇടത് ഭാഗത്തായി പുതിയ പതിപ്പ് പരിഷ്‌ക്കരിക്കൂ എന്ന ലിങ്കില്‍ ഈ സൗകര്യം ലഭ്യമാണ്.