Middle East

വിനോദ കാഴ്ച്ചകള്‍ നിറഞ്ഞ ഹുദൈറിയത്ത് ദ്വീപ്

ലോക വിനോദ സഞ്ചാരികള്‍ക്കായി ഹുദൈറിയത്ത് ദ്വീപ് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കി. ജലകായിക മേളകള്‍ക്ക് അനുയോജ്യമായ തരത്തില്‍ രൂപകല്‍പന ചെയ്ത ബീച്ചിനോട് ചേര്‍ന്ന് മനോഹരമായ നടപാതകളും സൈക്കിള്‍ ട്രാക്കും കുട്ടികള്‍ക്കായുള്ള കളിസ്ഥലവുമെല്ലാം ഉള്‍ക്കൊള്ളുന്ന നിര്‍മ്മിതിയുടെ ഉദ്ഘാടനം ശൈഖ് നഹ്യാന്‍ ബിന്‍ മുബറാക്ക് അല്‍ നഹ്യാന്‍ നിര്‍വഹിച്ചു.


ബീച്ചിനോട് ചേര്‍ന്നുള്ള വ്യവസായ ചത്വരങ്ങളും സ്വദേശികള്‍ക്കായുള്ള വീടുകളും ഉള്‍പ്പെടുന്ന പ്രദേശം അബുദാബിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ ആകര്‍ഷകമായ കാഴ്ചകള്‍ സമ്മാനിക്കുന്നതാണ്.

ഇക്കോ ടൂറിസം കൂടുതല്‍ കരുത്തുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബീച്ചില പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. സസ്യജന്തു ജാലങ്ങള്‍ക്കുള്ള പൂര്‍ണ സംരംക്ഷണം നല്‍കുന്ന വിധത്തിലാണ് ബീച്ച് നിര്‍മ്മാണം നടന്നത്. അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിംഗ് ട്രാക്കും ഓടാനുള്ള ട്രാക്കും കായികമേളകള്‍ക്കുള്ള ബീച്ച് പറ്റിയ ഇടമാക്കി മാറ്റും.

ഒളിമ്പിക്‌സ് നിലവാരത്തിലുള്ള ഈ ട്രാക്കുകളില്‍ വരും നാളുകളില്‍ ട്രായ്ത്‌ലണ്‍ മത്സരങ്ങളും സംഘടിപ്പിക്കും. അഞ്ച് ഫുട്‌ബോള്‍ മൈതാനം, നാല് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, നാല് വോളിബോള്‍ കോര്‍ട്ട്, നാല് ബീച്ച് ഫുട്‌ബോള്‍ കോര്‍ട്ട് എന്നിവയും ബീച്ചില്‍ ഉണ്ട്.

നിലവില്‍ ഭക്ഷണത്തിനും സൈക്കിളുകള്‍ക്കും മാത്രമാണ് ഇവിടെ പണം ആവശ്യമുള്ളത്. ബാക്കിയെല്ലാം സൗകര്യങ്ങളും സൗജന്യമായാണ് നല്‍കുന്നത്.
3000 ഏക്കര്‍ വിസ്തൃതിയുള്ള ദ്വീപിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് പുതുക്കിയത്.

ദ്വീപിലെത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രത്യേക ഫുഡ് ട്രക്കുകളും ഇവിടെയുണ്ട്. ശൈഖ് സായിദ് മുന്നോട്ട് കൊണ്ട് വന്ന സുസ്ഥിരിത എന്ന ആശയത്തിലൂടെ ബീച്ചിലെ സംവിധാനങ്ങള്‍ ഒരുക്കിയത്.