അബുദാബി വിമാനത്താവളത്തില്‍ ഓൺ അറൈവൽ വിസ സംവിധാനം തുടങ്ങി

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികൾക്ക് 30 മിനിറ്റിനുള്ളിൽ ഓൺ അറൈവൽ വിസ അനുവദിക്കുന്ന സംവിധാനം പ്രാബല്യത്തിൽ വന്നു. വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് ട്രാൻസിറ്റ് ഏരിയയിലാണ് വിസ കൗണ്ടർ സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം അനുസരിച്ച് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന എല്ലാ രാജ്യക്കാർക്കും നാലു ദിവസത്തെ ട്രാൻസിറ്റ് വിസയാണ് അനുവദിക്കുക.

അബുദാബി ടൂറിസം വകുപ്പ്, അബുദാബി വിമാനത്താവളം, ഇത്തിഹാദ് എയർവേയ്സ്, അബുദാബി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ഗതാഗത വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി അനുസരിച്ച് വിസയില്ലാതെ അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് വിവിധ മിഷൻ വിസകളും സന്ദർശന വിസകളും ടെർമിനൽ മൂന്നിലെ വിസ കൗണ്ടർ വഴി അപേക്ഷിക്കാം.

പരമാവധി 30 മിനിറ്റിനുള്ളിൽ വിസ ലഭ്യമാകും. ഇത് കൂടാതെയാണ് വിസാകൗണ്ടറിൽ നാലു ദിവസത്തെ ട്രാൻസിറ്റ് വിസ അനുവദിക്കുന്നത്. 300 ദിർഹമാണ് ട്രാൻസിറ്റ് വിസയ്ക്ക് ചെലവ്. അബുദാബി വഴി യാത്ര ചെയ്യാനുദ്ദേശിക്കുന്ന യാത്രക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി.