വിസാ രഹിത സന്ദര്‍ശനം; ദോഹയിലേക്ക് സന്ദര്‍ശന പ്രവാഹം

നാട്ടില്‍ വേനലവധി തുടങ്ങിയതോടെ ഖത്തറിലേക്ക് ഒട്ടേറെ കുടുംബങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ദോഹയിലേക്കു സന്ദര്‍ശകരുടെ ഒഴുക്കാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്കു വീസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതാണ് ഇപ്പോഴത്തെ സന്ദര്‍ശക പ്രവാഹത്തിനു കാരണം.

കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് ഖത്തര്‍ ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു വീസാരഹിത സന്ദര്‍ശനാനുമതി നല്‍കിയത്. ഖത്തറിലേക്കു കൂടുതല്‍ വിദേശസന്ദര്‍ശകരെ എത്തിക്കാന്‍ വീസ കാര്യങ്ങളുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയവും ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്തമായാണു വീസാരഹിത സന്ദര്‍ശനാനുമതി എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.

കുടുംബത്തെ നാട്ടില്‍ നിര്‍ത്തി ഖത്തറില്‍ തനിച്ചു കഴിഞ്ഞിരുന്നവരുടെ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ നാട്ടില്‍ നിന്നെത്തുന്നവരില്‍ ഭൂരിഭാഗവും. ഇവര്‍ രണ്ടുമാസം ഖത്തറില്‍ കഴിയാനുള്ള തയാറെടുപ്പിലാണ് എത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ആദ്യം ഒരുമാസത്തേക്കു ലഭിക്കുന്ന ഓണ്‍ അറൈവല്‍ വീസ പിന്നീട് ഒരു മാസത്തേക്കുകൂടി നീട്ടാം.

ദോഹയില്‍ ബന്ധുക്കളുള്ള ആര്‍ക്കും ദോഹയിലേക്കും തിരിച്ചുമുള്ള കണ്‍ഫേംഡ് വിമാന ടിക്കറ്റുണ്ടെങ്കില്‍ ഖത്തറില്‍ വീസയില്ലാതെ ഒരുമാസം തങ്ങാന്‍ അനുമതി ലഭിക്കും. ഇവിടേക്കെത്തുന്നവരുടെ പാസ്പോര്‍ട്ടിന് ആറുമാസ കാലാവധിയുണ്ടായിരിക്കണം.

ഈ രണ്ടു നിബന്ധനകളൊഴികെ നടപടിക്രമങ്ങളുടെ സങ്കീര്‍ണതകളൊന്നുമില്ല. ഇതാണ് ധാരാളം സന്ദര്‍ശകരെത്താന്‍ കാരണം. ഖത്തറിലേക്കു വീസയില്ലാതെ പോരുന്നവര്‍ ദോഹയിലെത്തിയാല്‍ എവിടെയാണ് കഴിയുക എന്നത് ഇന്ത്യന്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തെ ബോധ്യപ്പെടുത്തണം. ഇതിനായി ഇവിടെയുള്ള ബന്ധുവിന്റെ ഖത്തര്‍ ഐഡി (ഇരുവശവും, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പും അവരുടെ ഇവിടത്തെ മേല്‍വിലാസവും (ഇത് ഒരു വെള്ളക്കടലാസില്‍ വ്യക്തമായി രേഖപ്പെടുത്തിയാല്‍ മാത്രം മതി) നാട്ടിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ കാണിക്കണം.

ഖത്തര്‍ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാലും ഇവ കാണിക്കണം. എവിടെയാണ് തങ്ങുന്നതെന്നു ചോദിക്കാറുണ്ട് എന്നതൊഴിച്ചാല്‍ രേഖകളൊന്നും ദോഹയില്‍ സാധാരണ ചോദിക്കാറില്ല. വന്നിറങ്ങിയ തീയതി മുതല്‍ ഒരുമാസ കാലയളവിലേക്കു ഖത്തറില്‍ തങ്ങുന്നതിനുള്ള അനുമതി രേഖപ്പെടുത്തിയ സ്ട്രിപ്പ് വന്നിറങ്ങുന്നവരുടെ പാസ്പോര്‍ട്ടില്‍ ഒട്ടിക്കുക മാത്രമാണു ചെയ്യുക. ഈ മാസം 20 വരെ കേരളത്തില്‍നിന്നു ദോഹയിലേക്കുള്ള ഒരു വിമാനത്തിലും സീറ്റ് ഒഴിവില്ലെന്നാണ് എയര്‍ ലൈന്‍ വക്താക്കള്‍ അറിയിച്ചത്.