Kerala

യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ ഇന്നുമുതല്‍ അഞ്ചു ശതമാനം ബോണസ്

അൺറിസർവ്ഡ് റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ ഇന്നു മുതൽ റീചാർജുകൾക്ക് അഞ്ചു ശതമാനം ബോണസ് ലഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ആർ വോലറ്റിൽ 1000 രൂപയ്ക്ക് റീചാർജ് ചെയ്താൽ 1050 രൂപ ലഭിക്കും. മൂന്നു മാസത്തേക്കാണ് ആനുകൂല്യം. റീചാർജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്.

ഏപ്രിൽ 14നാണ് യുടിഎസ് ഓൺ മൊബൈൽ ആപ് കേരളത്തിൽ നിലവിൽ വന്നത്. റെയിൽവേ സ്റ്റേഷനു അഞ്ചു കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ആപ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. സ്റ്റേഷന്‍റെ 25 മീറ്റർ ചുറ്റളവിൽ ബുക്കിങ് സാധ്യമല്ല. സീസൺ ടിക്കറ്റുകൾ പുതുക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ദക്ഷിണ റെയിൽവേയിൽ ഇതുവരെ രണ്ടു ലക്ഷം യാത്രക്കാരാണ് ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത്.

പരമാവധി റീചാർജ് സംഖ്യ 5000 രൂപയിൽ നിന്നു 10,000 രൂപയായി സ്റ്റേഷനുകൾക്കുള്ളിലും ആപ് വഴി ടിക്കറ്റ് എടുക്കാൻ കഴിയുന്ന സംവിധാനം പരിഗണനയിലുണ്ട്. ആൻ‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ് ലഭ്യമാണ്. ആപ് ഡൗൺലോഡ് ചെയ്ത ശേഷം യുടിഎസ് ഓൺ മൊബൈൽ വെബ്സൈറ്റിൽ മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്താൽ മാത്രമേ പാസ്‌വേ‍‍ഡ് ലഭിക്കൂ.

ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആർ വോലറ്റും നിലവിൽ വരും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ബുക്കിങ് കൗണ്ടറുകൾ വഴിയും ഇ വോലറ്റിൽ പണം നിറയ്ക്കാം. ടിക്കറ്റ് ബുക്ക് ചെയ്താൽ അതിന്‍റെ ചിത്രം ഫോണിൽ ഡൗൺലോഡാകും. ടിക്കറ്റ് പരിശോധകർ ആവശ്യപ്പെട്ടാൽ ഇതു കാണിച്ചു യാത്ര ചെയ്യാം.