Alerts

മെക്കുനു ശക്തിപ്രാപിക്കുന്നു: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

അറബിക്കടലിൽ രൂപപ്പെട്ട മെക്കുനു ചുഴലിക്കാറ്റ് വരുന്ന ശനിയാഴ്ചയോടു കൂടി ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിന്‍റെ മധ്യഭാഗത്തായി ലക്ഷദ്വീപിനും മാലീദ്വീപിനും പടിഞ്ഞാറാണ് മെക്കുനു എന്ന തീവ്ര ചുഴലിക്കാറ്റ് രൂപപ്പെട്ടത്. നിലവിൽ ഇത് ലക്ഷദ്വീപിനും മാലിദ്വീപിനും പടിഞ്ഞാറായി, അറേബ്യന്‍ ഉപഭൂഖണ്‌ഡത്തിനോട് അടുത്ത് ഒമാനില്‍ നിന്നും 650 കിലോ മീറ്റര്‍ തെക്കു പടിഞ്ഞാറായാണ് നിലകൊള്ളുന്നത്.

ചുഴലിക്കാറ്റ് ഈ മാസം 26നു അതി തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുകയും തെക്കന്‍ ഒമാൻ, തെക്കു കിഴക്കന്‍ യമന്‍ തീരത്തിനടുത്തു, സലാഹയ്ക്ക് അടുത്ത്, അറേബ്യന്‍ ഉപഭൂഖണ്‌ഡത്തില്‍ പ്രവേശിക്കും എന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ ലക്ഷദ്വീപിന്‍റെ പരിസരത്തും ലക്ഷദ്വീപിനും മാലി ദ്വീപിനും പടിഞ്ഞാറു ഭാഗത്തിനും അറേബ്യന്‍ ഉപഭൂഖണ്‌ഡത്തിനും ഇടയിലുള്ള അറബിക്കടല്‍ 26 വരെ പ്രക്ഷുബ്ധമായിരിക്കും.

മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്‍റെ പരിസരത്തും ലക്ഷദ്വീപിനും മാലിദ്വീപിനും അറേബ്യന്‍ ഉപഭൂഖണ്‌ഡത്തിനും ഇടയിലുള്ള അറബിക്കടലിലും മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്. ഈ മുന്നറിയിപ്പിനു 26 ഉച്ചയ്ക്കു രണ്ടു വരെ പ്രാബല്യം ഉണ്ടായിരിക്കും. മത്സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും ഹാർബറുകളിലും മുന്നറിയിപ്പു നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ആവശ്യമെങ്കില്‍ ഈ മുന്നറിയിപ്പ് 26നു ശേഷം നീട്ടുമെന്നും അതോറിറ്റി അറിയിച്ചു.